തൃശൂര്‍ പൂരം : ജനറൽ ആശുപത്രിയിൽ 1015 പേർക്ക് ചികിത്സ നൽകി

തൃശൂർ : തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രിയിൽ 1015 പേർക്ക് ചികിത്സ നൽകി. ഇതിൽ 131 പേർക്ക് കിടത്തി ചികിത്സ നൽകി. വിദഗ്ധ ചികിത്സക്കായി 23 പേരെ ഗവ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് റഫർ ചെയ്തു. സ്വരാജ് റൗണ്ട്, ശ്രീമൂല സ്ഥാനം, തെക്കേ ഗോപുര നട, ഇലത്തിത്തറ തുടങ്ങി 10 പോയിൻ്റുകളിൽ ആംബുലൻസ് സഹിതമുള്ള മെഡിക്കൽ ടീം 500 പേർക്ക് ചികിത്സ നൽകി. ആന ഓടിയപ്പോൾ തിരക്കിൽപ്പെട്ട് പരിക്കേറ്റ 65 പേർക്കും ആശുപത്രിയിൽ ചികിത്സ നൽകി. ഇതിൽ ആറുപേരെ ഗവ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് റഫർ ചെയ്തു.
പൂരം കൺട്രോൾ റൂമിനോട് ചേർന്നുണ്ടായിരുന്ന മെഡിക്കൽ എയ്ഡ് പോസ്റ്റിൽ നിർജലീകരണം മൂലവും തിക്കിലും തിരക്കിലും പെട്ട് ദേഹാസ്വാസ്ഥ്യവും ചെറിയ മുറിവുകളും ചതവുകളുമായും വന്ന 189 പേർക്ക് ചികിത്സ നൽകി. ഇതിൽ കിടത്തി ചികിത്സ ആവശ്യമായി വന്ന 39 പേരെ ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അമല മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ മെഡിക്കൽ ടീം പൂരം ചമയ പ്രദർശന ഹാളിൽ ചികിത്സ നൽകി. തെക്കോട്ടിറക്കം നടക്കുമ്പോൾ സൺ ഹോസ്പിറ്റൽ, ആത്രേയ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് ആംബുലൻസ് സഹിതമുള്ള മെഡിക്കൽ ടീമുകളെ തെക്കേ ഗോപുര നടയിൽ ഈ വർഷം കൂടുതലായി സജ്ജമാക്കി. വിവിധ വിഭാഗങ്ങളിലായി 500 ഉദ്യോഗസ്ഥരെ പൂരം ഡ്യൂട്ടിക്കായി അധികമായി നിയോഗിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ടി പി ശ്രീദേവിയും
പൂരം നോഡൽ ഓഫീസറായ ഡെ. ഡിഎംഒ ഡോ. ടി കെ അനൂപ് എന്നിവർ നേതൃത്വം നൽകി. പൂരം ദിനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ 73 സ്ഥാപനങ്ങളിൽ ശുചിത്വ പരിശോധന നടത്തി. പുകയില നിയന്ത്രണ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് പുകവലിച്ചതും സ്ഥാപനങ്ങളിൽ നിയമാനുസൃത ബോർഡുകൾ വക്കാത്തതുമായ 20 നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കി.









0 comments