പാട്ടായ് ഒഴുകി പെരുമ
കാണാം.. അറിയാം.. ഇന്നലെക്കാഴ്ചകള്‍

ദേശാഭിമാനി തൃശൂർ പെരുമയിൽ റെഡ് ക്യാപ് മ്യൂസിക് ബാൻഡും കലാമണ്ഡലം വിദ്യാർഥികളും ചേർന്ന് സ്വാഗതഗാനം ആലപിക്കുന്നു
വിവേക് വേണുഗോപാലൻ
Published on Aug 31, 2025, 12:19 AM | 2 min read
തൃശൂര്‍
ഓട്ടോറിക്ഷ ഇറങ്ങുന്നതിനെതിരെ റിക്ഷാവണ്ടി തൊഴിലാളികള്‍ നടത്തിയ സമരത്തെപ്പറ്റി അറിയുമോ? അക്കിക്കാവിലിറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്ന കഥയറിയുമോ? ഇല്ലെങ്കില്‍ നേരേ പോന്നോളൂ, കേരളവര്‍മ കോളേജിലേക്ക്. തൃശൂർ പെരുമയുടെ ഭാഗമായി ഒരുക്കിയ ഫോട്ടോ പ്രദര്‍ശനത്തിലാണ് ഇത്തരം അപൂർവ കാഴ്ചകളുള്ളത്. ചെട്ടിയങ്ങാടി തെരുവീഥിയിൽ അഴീക്കോടന്‍ രാഘവന്‍ കുത്തേറ്റ് മരിച്ചുകിടക്കുന്ന ചിത്രം കണ്ടാൽ നെഞ്ചുപിടയും.
സാംസ്കാരിക നഗരിയായ തൃശൂരിന്റെ പൈതൃകം വിളിച്ചോതുന്ന കഴിഞ്ഞ കാലത്തെ പ്രധാന സംഭവങ്ങൾ ഇവിടെ കാണാം. ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ആദ്യമായി ട്രെയിന്‍ വന്നതും തൃശൂരിലെ ഗജമേളയും വിലങ്ങന്‍ കുന്നിലേക്ക് സഞ്ചാരികളെ ആനപ്പുറത്തേറ്റി കൊണ്ടുപോകുന്നതുമെല്ലാം പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കൗതുകമാകും. ഭാര്യ കല്യാണിക്കുട്ടിയമ്മ മരിച്ചസമയം കരയുന്ന കെ കരുണാകരനെ ആശ്വസിപ്പിക്കുന്ന വി എസ് അച്യുതാനന്ദനെ കാണാം. മദര്‍ തെരേസ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി പി സിങ് എന്നിവര്‍ തൃശൂരിലെത്തിയതും ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ കച്ചേരിയും 1987ലെ ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയുമടക്കം നിരവധി ചിത്രങ്ങളുണ്ട്.
തൃശൂരിന്റെ അമ്മയും മകനുമായ രാജുവും ലക്ഷ്മിയമ്മാളും തൃശൂരിന്റെ സ്വന്തം തീറ്റ റപ്പായിയും സെലിബ്രിറ്റി സൗഹൃദ ഫുട്‌ബോൾ മത്സരത്തില്‍ ഐ എം വിജയനൊപ്പം സന്തോഷം പങ്കുവയ്ക്കുന്ന നടന്മാരായ മമ്മൂട്ടി, മോഹലാലും പ്രദർശനത്തിലുണ്ട്. പ്രദര്‍ശനത്തില്‍ ദേശാഭിമാനിയുടെ ആദ്യ പതിപ്പും ഇ എം എസ് മന്ത്രിസഭ അധികാരമേറ്റതും രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും സ്റ്റാലിന്‍, എ കെ ജി, സി എച്ച് കണാരന്‍ എന്നിവര്‍ അന്തരിച്ച വാര്‍ത്തകളുമായി ഇറങ്ങിയ പത്രങ്ങളുമുണ്ട്. തൃശൂരിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ അമ്പതിലധികം ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശനം ഞായറാഴ്‌ച സമാപിക്കും.
പാട്ടായ് ഒഴുകി പെരുമ
"ഒരുവട്ട തേക്കിന്‍കാട്ടില്‍ ചേരുന്നോരൊരുമ
ഒരുവട്ട തേക്കിന്‍കാട്ടില്‍ ചേരുന്നോരൊരുമ
തലയുയര്‍ത്തി നില്‍പ്പൂ വിണ്ണില്‍ തൃശൂരിന്‍ പെരുമ
തലയുയര്‍ത്തി നില്‍പ്പൂ വിണ്ണില്‍ തൃശൂരിന്‍ പെരുമ'
ദേശാഭിമാനി തൃശൂര്‍ യൂണിറ്റിന്റെ 25–-ാം വാര്‍ഷികം തൃശൂര്‍ പെരുമയുടെ ആവേശം ഇരട്ടിയാക്കി സ്വാഗതഗാനം ഉയര്‍ന്നു. തേക്കിന്‍കാടും കലയും സാഹിത്യവും സംസ്കാരവും പൂരവും ഉത്സവങ്ങളുമെല്ലാം ഗാനത്തില്‍ അലയടിച്ചു. കറതീര്‍ന്ന മനുഷ്യര്‍ നല്‍കിയ രാഷ്ട്രീയ പെരുമയും സമരത്തിന്റെ തീനാമ്പുകളിലെഴുതിയ മഹിമയുമെല്ലാം വരികളായി.
ബി കെ ഹരിനാരായണനാണ് രചന. റിയാദിന്റേതാണ് സംഗീതം. എ വി സതീഷിന്റെ നേതൃത്വത്തിലുള്ള റെഡ് ക്യാപ് മ്യൂസിക്ക് ബാന്‍ഡും കലാമണ്ഡലത്തിലെ സംഗീത വിഭാഗം വിദ്യാര്‍ഥികളും ചേര്‍ന്നായിരുന്നു ആലാപനം. നാലര മിനിറ്റായിരുന്നു ദൈര്‍ഘ്യം.
എ വി സതീഷ്, വി എ സ്വേധില്‍, വി സുന്ദരന്‍, പി യു പ്രേംന, കെ എ അനീഷ, ശ്രീകല ദേവാനന്ദന്‍, ടി എസ് ഷീബ, ടി കെ സുനില്‍കുമാര്‍, ദേവയാനി ദിലീപ്, കെ എം നമിത, വി എ അശ്വതി, എം എ അവന്തിക, ഭാഗ്യ സുന്തേഷ്, എസ് ഗീതു, പി എം ശ്രീഭദ്ര, പി ശ്രീതു, സുനില്‍ തൊഴിയൂര്‍, സി എസ് സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.









0 comments