കഞ്ചാവും ഹാഷിഷ് ഓയിലുമായി തൃശൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ: ഒന്നര കിലോ കഞ്ചാവും 360 ഗ്രാം ഹാഷിഷ് ഓയിലുമായി കൂട്ടുപുഴ പൊലീസ് ചെക്പോസ്റ്റിൽ ഒരാൾ പിടിയിൽ. തൃശൂർ സ്വദേശി സരിത് സെബാസ്റ്റ്യ(39)നെയാണ് ഇരിട്ടി എസ്ഐ കെ ഷറഫുദ്ധീന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. റൂറൽ പൊലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി ഡിവൈഎസ്‌പി സ്‌ക്വാഡും പൊലീസുംചേർന്ന് ജില്ലാതിർത്തി ചെക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കർണാടകത്തിൽനിന്ന് കൂട്ടുപുഴവഴി കേരളത്തിലേക്ക് നടന്നെത്തിയ പ്രതിയെ സംശയത്തെതുടർന്ന് പരിശോധിക്കുകയായിരുന്നു.
ലഹരി വസ്‌തുക്കൾ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ബ്രൗൺ പാക്കിങ് ടാപ്പ് ഉപയോഗിച്ച് മണം പുറത്തുവരാത്ത രീതിയിൽ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഹോമിയോ ഗുളിക സൂക്ഷിക്കുന്ന ചെറിയ ചില്ലുകുപ്പികളിലായിരുന്നു ഹാഷിഷ് ഓയിൽ. 139 കുപ്പിയാണ് പിടിച്ചെടുത്തത്. ഹാഷിഷ് ഓയിൽ നിറക്കാൻ പ്രത്യേകം തയാറാക്കിയ കുപ്പിയാണിതെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ഇരിട്ടി സിഐ എ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തശേഷം കോടതിയിൽ ഹാജരാക്കി.









0 comments