പൂരത്തിന് തൃശൂർ പൂർണ സജ്ജം; ആർക്കും ആശങ്ക വേണ്ട: മന്ത്രി കെ രാജൻ

k rajan
വെബ് ഡെസ്ക്

Published on May 05, 2025, 06:08 PM | 1 min read

തൃശൂർ: പൂരം നടത്തിപ്പിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പൂരത്തിന് തൃശൂർ പൂർണ സജ്ജമാണെന്നും റവന്യൂ മന്ത്രി കെ രാജൻ. തൃശൂർ എക്കാലവും കണ്ടതിൽവച്ച് മികച്ച പൂരമായിരിക്കും ഈ വർഷം നടക്കുക. കൂടുതൽ ആളുകൾക്ക് പൂരം കാണാൻ കഴിയുന്ന വിധത്തിലാണ് ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും ചേർന്ന് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.


നാളെ രാവിലെ കണിമം​ഗലം ശാസ്താവ് എഴുന്നള്ളി വരുന്നതു മുതൽ 36 മണിക്കൂർ നീണ്ടു നിൽക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പൂരമാണ് നടക്കുന്നത്. ആളുകൾക്ക് ധൈര്യമായി പൂരത്തിനെത്താം. ഒരു കുറവും ആർക്കും ഉണ്ടാകില്ല. പത്തായപ്പുര മുതൽ കറന്റ് ബുക്ക്സ് വരെ വെടിക്കെട്ട് ജനങ്ങൾക്ക് അടുത്തുനിന്ന് കാണാൻ സാധിക്കും. ചില നിയന്ത്രണങ്ങൾ ഇക്കാര്യത്തിൽ ഏർപ്പെടുത്തും. പൂരത്തിലേക്ക് എത്ര ലക്ഷം ആളുകളെത്തിയാലും തൃശൂരിന്റെ മണ്ണിലും മനസിലും ഇടമുണ്ടെന്നും മന്ത്രി പറഞ്ഞു.


സുരക്ഷിതമായും സുഗമമായും പൂരം കാണാൻ പൊലീസ്‌ പുതിയ ഡിസൈൻ തയ്യാറാക്കിയിട്ടുണ്ട്. കുറേ വർഷങ്ങൾക്ക്‌ ശേഷം ആദ്യമായാണ്‌ ഇത്തവണ വെടിക്കെട്ട്‌ സ്വരാജ്‌ റൗണ്ടിൽ നിന്ന്‌ കാണാനുള്ള സംവിധാനമൊരുക്കിയത്‌. വിവാദങ്ങൾ ഒന്നുമില്ലാതെയാണ്‌ ഇത്തവണത്തെ പൂരമെന്ന പ്രത്യേകതയുമുണ്ട്‌. സംസ്ഥാന പൊലീസ്‌ മേധാവി നേരിട്ടെത്തി പൂരം ഒരുക്കം വിലയിരുത്തി. മുൻകാല പരിചയമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷക്കായി 4000 പൊലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്‌.


വെടിക്കെട്ട്‌ സമയത്ത്‌ വെടിക്കെട്ടുപുര കാലിയാക്കിയിടാൻ തീരുമാനിച്ചു. തിരുവമ്പാടി, പാറമേക്കാവ് വേലയ്‌ക്ക്‌ വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇത് പൂരം വെടിക്കെട്ടിനും ബാധകമാണെന്ന അഡ്വക്കറ്റ്‌ ജനറലിന്റെ നിയമോപദേശം ലഭിച്ചു. ഇതനുസരിച്ച്‌ ചീഫ്‌ കൺട്രോളർ ഓഫീസർകൂടിയായ കലക്ടർ വെടിക്കെട്ടിന്‌ അനുമതി നൽകി.


അതേ സമയം, തൃശൂർ പൂരത്തിന്റെ തുടക്കം കുറിച്ച് പൂര വിളംബരമായി. ഉച്ചയ്ക്ക് 12.15 ഓടെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേ ഗോപുര നട തുറന്നതോടെ 36 മണിക്കൂര്‍ നീണ്ടു നിൽക്കുന്ന തൃശൂര്‍ പൂരത്തിന് തുടക്കമായി. നാളെയാണു തൃശൂർ പൂരം. നാളെ രാവിലെ ഏഴര മുതൽ ഘടകപൂരങ്ങളുടെ വരവു തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home