print edition ഒരാഴ്‌ചയ്‌ക്കിടെ കൊല്ലം ജില്ലയിൽ പാമ്പുകടിയേറ്റ് മരിച്ചത് മൂന്നുപേർ


സ്വന്തം ലേഖകൻ
Published on Jan 03, 2025, 09:43 AM | 1 min read
കൊല്ലം > ഒരാഴ്‌ചയ്ക്കിടെ ജില്ലയിൽ പാമ്പ് കടിയേറ്റ് മരിച്ചത് മൂന്നുപേർ. അഞ്ചൽ ഏരൂർ തെക്കേവയൽ സ്വദേശികളായ രാമചന്ദ്രൻ (50), സജു (38), കൊട്ടാരക്കര അമ്പലപ്പുറം പാങ്ങോട് രാജേഷ് ഭവനിൽ ശാന്തമ്മ (52 ) എന്നിവരാണ് മരിച്ചത്. രാമചന്ദ്രന് പാമ്പുകടിയേറ്റ സ്ഥലത്തെ കാട് വൃത്തിയാക്കുന്നതിനിടെയാണ് സജുവിന് പാമ്പുകടിയേറ്റത്. പുരയിടത്തിൽ നിന്ന് വിറക് ശേഖരിക്കുന്നതിനിടെയാണ് ശാന്തമ്മയ്‌ക്ക് കടിയേറ്റത്. മൂർഖനാണ് മൂന്നുപേരുടെയും ജീവനെടുത്തത്.
ജനവാസ മേഖലകൾ ഉൾപ്പെടെ എല്ലാ ആവാസ വ്യവസ്ഥകളിലും കാണുന്ന പാമ്പുകൾ തണുപ്പ് കാലത്താണ് കൂടുതലും സഞ്ചരിക്കുന്നത്. അതിനാൽ പറമ്പിലും മറ്റും
ജോലിക്ക് ഇറങ്ങുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽനിന്ന് കാടുപടലങ്ങളുംചപ്പുചവറും നീക്കംചെയ്യണം. കെട്ടിടങ്ങൾക്കു സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ് വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ ചെയ്യരുത്. ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റു ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. ടിച്ചട്ടികൾക്ക് കീഴിൽ ചെറിയ പാമ്പുകൾ ചുരുണ്ടുകൂടാം. പാമ്പിൻ കുഞ്ഞുങ്ങൾ സ്വന്തമായി ഒളിത്താവളം കണ്ടെത്തുവരെ നിരന്തര യാത്രയിലായിരിക്കും. ഫെബ്രുവരി മുതൽ ഇടവപ്പാതിവരെ ഇവയെ കാണാറുണ്ട്. അതിനാൽ അതിജാഗ്രത വേണം. പൂച്ച, നായ് തുടങ്ങിയ വളർത്തുമൃഗങ്ങൾ പാമ്പുകളെ പിടിച്ച് വീട്ടിനുള്ളിൽ കൊണ്ടുവരാനുള്ള സാധ്യത ഒഴിവാക്കുക.
കടിയേറ്റാൽ ആന്റിവെനം, അരുത് ഒറ്റമൂലി
കടി ഏറ്റെന്നു സംശയമുയർന്നാൽ ഉടൻ വിദഗ്‌ധ ചികിത്സ തേടണം. മന്ത്രവാദം, ഗുളിക, പച്ചമരുന്ന് അടക്കമുള്ള ഒറ്റമൂലി രക്തത്തിൽ കലർന്ന പാമ്പിൻവിഷത്തെ നിർവീര്യമാക്കില്ല. ആന്റിവനം മാത്രമാണ് പ്രതിവിധി. യഥാസമയം കൃത്യമായ ചികിത്സ നൽകാത്തതിനാലാണു പല മരണങ്ങളും സംഭവിക്കുന്നത്.
കടിപ്പാടിൽ മുറിവുണ്ടാക്കി രക്തമൊഴുക്കാൻ ശ്രമിക്കരുത്. കടിപ്പാടിൽ നിന്ന് വിഷം വായകൊണ്ട് വലിച്ചെടുക്കാൻ ശ്രമിക്കരുത്. മുറിപ്പാട് സോപ്പുപയോഗിച്ച് കഴുകുന്നത് പോലും വിഷം അതിവേഗം രക്തത്തിൽ കലരുന്നതിന് ഇടയാക്കും. കടിപ്പാട് മുറുക്കിയോ അയച്ചോ കെട്ടരുത്. പേശീചലനം പരമാവധി കുറയ്ക്കുന്നതിന് ബാൻഡേജ് ചുറ്റാം. ലഭ്യമായ വാഹനത്തിൽ എത്രയും വേഗം ആന്റിവെനം സ്റ്റോക്കുള്ള ആശുപത്രിയിൽ എത്തിക്കുക. ഈ സൗകര്യം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് SARPA ആപ്പിൽ ലഭ്യമാണ്. കടിച്ച പാമ്പിനെ ജീവനോടെയോ തല്ലിക്കൊന്നോ ആശുപത്രിയിലെത്തിക്കേണ്ടതില്ല.









0 comments