ഞെട്ടലിൽ നാട്ടുകാർ; ശകുന്തളയുടെ മൃതദേഹം പൂക്കൾ
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ചത് മൂന്ന് പേർ ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കൊച്ചി : ജാർഖണ്ഡ് സ്വദേശിയായ അഡീഷണൽ കസ്‌റ്റംസ് കമീഷണറെയും സഹോദരിയെയും അമ്മയെയും കാക്കനാട് ദൂരദർശൻ ടിവി സെന്ററിലെ സെൻട്രൽ കസ്‌റ്റംസ് ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തി. സെൻട്രൽ എക്‌സൈസ് അഡീഷണൽ കമീഷണർ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മനീഷും ശാലിനിയും കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിലായിരുന്നു. ശകുന്തളയുടെ മൃതദേഹം കട്ടിലിലായിരുന്നു. മൃതദേഹങ്ങൾ പൂർണമായും അഴുകിയിരുന്നു. ഹിന്ദിയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.
വ്യാഴം വൈകിട്ട് പ്രദേശത്തെ മൈതാനത്ത് കളിക്കാൻ ഇറങ്ങിയ കുട്ടികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടു. പൊലീസ് നടത്തിയ പരിശോധനയിലാണ് 114–-ാം നമ്പർ ക്വാർട്ടേഴ്‌സിൽ മൃതദേഹങ്ങൾ കണ്ടത്. രാത്രി 9.50ന് അന്വേഷണ ഉദ്യോഗസ്ഥർ മുൻവാതിൽ തകർത്ത് കയറിപ്പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. അഞ്ചുവർഷംമുമ്പാണ് മനീഷ് കേരളത്തിൽ ജോലിക്ക് എത്തിയത്.
ഒന്നരവർഷമായി ഈ ക്വാർട്ടേഴ്‌സിലാണ് താമസം. നാലുമാസംമുമ്പാണ് സഹോദരിയും അമ്മയും ഇവിടെ എത്തിയത്. ക്വാർട്ടേഴ്‌സിന് സമീപത്തുള്ളവരുമായി മനീഷിന് കാര്യമായ അടുപ്പമില്ലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പരിസരവാസികൾ കുടുംബത്തെ അവസാനമായി കാണുന്നത്.
മനീഷ് രണ്ടാഴ്‌ചമുമ്പ് ജാർഖണ്ഡിൽ പോയിരുന്നു. ഇതിനുശേഷം ജോലിക്ക് എത്തിയിരുന്നില്ല. ശാലിനി ജാർഖണ്ഡിൽ ഡെപ്യൂട്ടി കലക്ടറാണ്. ഐഎഎസ് റാങ്ക്‌ലിസ്‌റ്റുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ കേസുള്ളതായി പറയുന്നു. ഇതിന്റെ ആവശ്യത്തിനായി നാട്ടിലേക്ക് പോകുന്നുവെന്ന് മനീഷ് അറിയിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
പൊലീസ്, വിരലടയാള, ഫോറൻസിക് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. മൃതദേഹങ്ങൾ വെള്ളിയാഴ്‌ച പോസ്‌റ്റ്‌മോർട്ടം നടത്തും. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
ഞെട്ടലിൽ നാട്ടുകാർ; ശകുന്തളയുടെ മൃതദേഹം പൂക്കൾ വിതറിയനിലയിൽജാർഖണ്ഡ് സ്വദേശിയായ സെൻട്രൽ എക്‌സൈസ് അഡീഷണൽ കമീഷണർ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെ കാക്കനാട് ദൂരദർശൻ ടിവി സെന്ററിലെ സെൻട്രൽ കസ്‌റ്റംസ് ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നാട്ടുകാർ. വ്യാഴം വൈകിട്ട് പ്രദേശത്തെ മൈതാനത്ത് കളിക്കാൻ ഇറങ്ങിയ കുട്ടികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞദിവസം സമീപവാസികൾക്ക് ചെറുതായി ദുർഗന്ധമുണ്ടായെങ്കിലും സമീപത്തെ മാലിന്യക്കൂമ്പാരത്തിൽനിന്നാണെന്നാണ് കരുതിയത്. തൃക്കാക്കര ഇൻഫോ പാർക്ക് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 114–-ാം നമ്പർ ക്വാർട്ടേഴ്‌സിൽ മൃതദേഹങ്ങൾ കണ്ടത്.
ഫ്ലാറ്റ് അടഞ്ഞുകിടന്നതിനാൽ പൊലീസ് ജനലുകൾ കുത്തിത്തുറന്നപ്പോൾ മനീഷിനെയും സഹോദരി ശാലിനിയെയും കിടപ്പുമുറികളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൂടെതാമസിക്കുന്ന അമ്മ ശകുന്തള അഗർവാളിനെ പൊലീസ് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മുൻവശത്തെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറി നടത്തിയ പരിശോധനയിൽ ശാലിനിയെ മരിച്ചനിലയിൽക്കണ്ട മുറിയിലെ കട്ടിലിൽ അമ്മ ശകുന്തളയുടെ മൃതദേഹവും കണ്ടു. ശകുന്തള അഗർവാളിന്റെ മൃതദേഹം കട്ടിലിൽ പുതപ്പിട്ട് മൂടിയനിലയിലായിരുന്നു. മൃതദേഹത്തിൽ പൂക്കളും മറ്റുംവിതറി പൂജകൾ നടത്തിയിട്ടുണ്ട്. തലഭാഗത്ത് മൂവരുമൊത്തുള്ള ചിത്രവും വച്ചിരുന്നു. അടുക്കളയിലെ ഗ്യാസ് അടുപ്പിൽ കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചതായും കണ്ടെത്തി.
തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമീഷണർ പി വി ബേബി, ഇൻസ്പെക്ടർ എ കെ സുധീർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.









0 comments