തൊഴിലുറപ്പുകൂലി നൽകാതെ കേന്ദ്രം ; കുടിശ്ശിക 800 കോടി


ജെയ്‌സൻ ഫ്രാൻസിസ്
Published on Mar 01, 2025, 12:34 AM | 1 min read
കൊച്ചി : സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നിഷേധിച്ച് കേന്ദ്രസർക്കാർ. 800 കോടിയിലധികം രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്. കൂലി, സാധനസാമഗ്രി ഇനങ്ങളിലെ തുകയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ഇതോടെ ജനുവരിയിലെയും, ഫെബ്രുവരിയിലെയും കൂലി മുടങ്ങി.
20.46 ലക്ഷം സജീവകുടുംബങ്ങളാണ് പദ്ധതിയിലുള്ളത്. 2024–-25 സാമ്പത്തികവർഷം സംസ്ഥാനം 12 കോടി തൊഴിൽദിനം ആവശ്യപ്പെട്ടിരുന്നു. ആറുകോടിയാണ് അനുവദിച്ചത്. എന്നാൽ, എട്ടുകോടി തൊഴിൽദിനം പൂർത്തിയാക്കി. ഈ സാഹചര്യത്തിൽ തൊഴിൽദിനം വർധിപ്പിക്കാറുണ്ടെങ്കിലും അതും ചെയ്‌തില്ല. കഴിഞ്ഞവർഷം 10കോടി തൊഴിൽദിനമായിരുന്നു.
ദേശീയതലത്തിൽ ശരാശരി 52 തൊഴിൽദിനം ഒരാൾക്ക് ലഭിക്കുമ്പോൾ സംസ്ഥാനത്തിത് 67 ആണ്. ദേശീയതലത്തിൽ 100 തൊഴിൽദിനം 7.3 ശതമാനം കുടുംബങ്ങൾക്ക് ലഭിക്കുമ്പോൾ കേരളത്തിൽ 38 ശതമാനവും. കേന്ദ്രത്തിന്റെ നിലപാടുമൂലം പലസംസ്ഥാനത്തും പദ്ധതി പേരിനുമാത്രമായി. തൊഴിൽ ലഭിക്കുന്നവരുടെ എണ്ണത്തിലും ഇടിവുണ്ടായി. 2020–-21ൽ രാജ്യത്താകെ 11.19 കോടി തൊഴിലാളികൾക്ക് തൊഴിൽ ലഭിച്ചിരുന്നു. എന്നാൽ, 2023–-24ൽ 8.34 കോടിയായി കുറഞ്ഞു. അതേസമയം, കേന്ദ്രം നൽകാനുള്ള കുടിശ്ശിക സംസ്ഥാനത്തിന്റെ തലയിലിട്ട് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമവും ഒരുഭാഗത്ത് നടക്കുന്നുണ്ട്. തൊഴിലാളികളെ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടുകയാണ് ലക്ഷ്യം. ഈ സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ.









0 comments