പ്രധാനമന്ത്രിയുടെ പരിഹാസം അടിസ്ഥാന രഹിതം; ചരിത്രം വിശദീകരിച്ച് തോമസ് ഐസക്ക്

'കേരള വികസനത്തെ എങ്ങനെ തടസ്സപ്പെടുത്താം എന്നുള്ളതാണ് മോദിയുടെയും നാഗ്പൂരിലെ ശിങ്കിടികളുടെയും ഗവേഷണം. കിഫ്ബിയെ തകർക്കാനുള്ള നടപടി തന്നെ ഏറ്റവും നല്ല ഉദാഹരണം. തന്റെ സ്വന്തക്കാരൻ അദാനിയുടെ പോർട്ട് ആയിരുന്നിട്ടുപോലും മൊത്തം ചെലവിന്റെ 10 ശതമാനം വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി നൽകാമെന്നു പറഞ്ഞിരുന്നതിൽ നിന്നുപോലും കേന്ദ്രം അവസാനം പിൻമാറി. അത് തിരിച്ചയ്ക്കേണ്ട വായ്പയായിട്ടാണ് കേന്ദ്രം നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിൻ്റെ സഹായം വട്ടപ്പൂജ്യം ആണ്. എന്നിട്ടാണ് സ്റ്റേജിൽ നിന്നൊരു കോമാളി മുദ്രാവാക്യം മുഴക്കി കേന്ദ്ര സർക്കാരിനെ അഭിവാദ്യം ചെയ്തത് '- തോമസ് ഐസക് എഴുതുന്നു
ഫേസ്ബുക്ക് കുറിപ്പ്
ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ്റെ കോമാളിത്തരത്തേക്കാൾ എനിക്ക് അധികപ്രസംഗമായി തോന്നിയത് കമ്മ്യൂണിസ്റ്റ് സർക്കാരിലെ മന്ത്രി അദാനിയെ പാർട്ണർ എന്നു വിശേഷിപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ പരിഹാസമാണ്.
മോദിക്ക് കേരളത്തിൻ്റെ ചരിത്രം അറിയില്ല. 1957-ൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. ഇന്ന് അദാനിയെപ്പോലെ അന്ന് ബിർളയെ നഖശിഖാന്തം കമ്മ്യൂണിസ്റ്റുകാർ എതിർത്തിരുന്നു. എന്നാൽ മാവൂർ റയോൺസ് ഫാക്ടറി സ്ഥാപിക്കാൻ ബിർളയെ ക്ഷണിക്കുന്നതിനു മടിച്ചില്ല. ക്ഷണിക്കുക മാത്രമല്ല, അസംസ്കൃത വസ്തുക്കളും മറ്റും ലഭ്യമാക്കുന്നതിൽ പ്രത്യേക ഇളവും നൽകി. ചെറിയ വിവാദമല്ല ഇത് രാജ്യത്ത് സൃഷ്ടിച്ചത്. അന്നും ഇന്ന് മോദി ചെയ്തതുപോലെ കമ്മ്യൂണിസ്റ്റുകാരെ പരിഹസിക്കാൻ ഏറെപേർ ഉണ്ടായിരുന്നു.
ഏതാനും ശിങ്കിടി മുതലാളിമാരെ ആഗോള കമ്പനികളായി വളർത്തുന്നതാണ് രാജ്യത്തിൻ്റെ വികസനത്തിനുള്ള കുറുക്കുവഴിയായി മോദി കാണുന്നത്. രാജ്യത്തെ പൊതുമേഖലയും പൊതുസ്വത്തും ഇവർക്ക് തീറെഴുതുന്നു. വിദേശ രാജ്യങ്ങളിൽ ഇവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനു മുൻകൈയെടുക്കുന്നു. ഈ സമീപനത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് അദാനി. അത് ഇനിയും തുറന്നുകാണിക്കും.
പക്ഷേ, മേൽപ്പറഞ്ഞ ശിങ്കിടിമുതലാളിത്തം നയമായി അംഗീകരിച്ചുള്ള ഫെഡറൽ സംവിധാനത്തിനുള്ളിലാണ് കേരളം പ്രവർത്തിക്കുന്നത്. ആ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് കേരളത്തിനു നേട്ടമുണ്ടാക്കാൻ എന്താണോ വേണ്ടത് അതു ചെയ്യും. ഫെഡറൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമായൊരു ബദൽ വികസനപാത സ്വീകരിക്കുകയും ചെയ്യും.
വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ ഒരു കാര്യമെടുക്കാം- 1996-ലെ നായനാർ സർക്കാരാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു മുൻകൈയെടുത്തത്. പിന്നീട് വിഎസ് സർക്കാരിൻ്റെ കാലത്ത് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നടക്കാതെ പോയത് അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമാണ്. 2015-ൽ യുഡിഎഫ് സർക്കാർ അദാനിയുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് നിശിതമായ വിമർശനം ഞങ്ങൾ ഉന്നയിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല, മുതൽമുടക്കിൻ്റെ സിംഹപങ്കും വഹിക്കുന്ന കേരളത്തിന് 20 കൊല്ലം കഴിഞ്ഞേ നേരിട്ടുള്ള ലാഭത്തിൻ്റെ നക്കാപ്പിച്ച കിട്ടൂ. ഏതാണ്ട് 40 വർഷക്കാലം ഇങ്ങനെ തുച്ഛമായ ലാഭവിഹിതംകൊണ്ട് കേരളം തൃപ്തിയടയണം.
പക്ഷേ, ഇന്ന് ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ “വിമർശനങ്ങളെല്ലാം നിലനിൽക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാവുക തന്നെ വേണം എന്ന നിലപാടാണ് ഞങ്ങൾ കൈക്കൊണ്ടത്. വികസന കാര്യത്തിൽ രാഷ്ട്രീയ വേർതിരിവു വേണ്ട എന്ന നയമാണു കൈക്കൊണ്ടത്. അതു പ്രകാരമാണ് 2016-ൽ അധികാരത്തിൽ വന്നതിനെത്തുടർന്നുള്ള ഘട്ടത്തിൽ ബൃഹദ് തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകൾ എടുത്തത്. അതാണ് വിഴിഞ്ഞത്തെ ഇന്നത്തെ നിലയിൽ യാഥാർത്ഥ്യമാക്കി മാറ്റിയത്.”
അതെ. അദാനിയെ വിമർശിക്കുമ്പോഴും തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെ ചെറുത്തപ്പോഴും കേരളത്തിൻ്റെ വികസനത്തിന് അത്യന്താപേക്ഷിതമായ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു തടസ്സമില്ലാതിരിക്കാൻ ശ്രദ്ധിച്ചു. കരാർ പ്രകാരം 2045-ൽ പൂർത്തീകരിക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ 2028-ൽ പൂർത്തീകരിക്കാനുള്ള ലക്ഷ്യമിട്ടാണ് ഇപ്പോൾ പ്രവർത്തനം. ഇതിൽ അദാനിയുമായി യോജിച്ചു പ്രവർത്തിക്കും. ആ രാഷ്ട്രീയ നിലപാടിനെ പ്രധാനമന്ത്രി പരിഹസിക്കേണ്ടതില്ല.
കേരള വികസനത്തെ എങ്ങനെ തടസ്സപ്പെടുത്താം എന്നുള്ളതാണ് മോദിയുടെയും നാഗ്പൂരിലെ ശിങ്കിടികളുടെയും ഗവേഷണം. കിഫ്ബിയെ തകർക്കാനുള്ള നടപടി തന്നെ ഏറ്റവും നല്ല ഉദാഹരണം. തന്റെ സ്വന്തക്കാരൻ അദാനിയുടെ പോർട്ട് ആയിരുന്നിട്ടുപോലും മൊത്തം ചെലവിന്റെ 10 ശതമാനം വയബിലിറ്റി ഗ്യാപ്പ് ഫണ്ടായി നൽകാമെന്നു പറഞ്ഞിരുന്നതിൽ നിന്നുപോലും കേന്ദ്രം അവസാനം പിൻമാറി. അത് തിരിച്ചയ്ക്കേണ്ട വായ്പയായിട്ടാണ് കേന്ദ്രം നൽകുന്നത്. അങ്ങനെ നോക്കുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിൻ്റെ സഹായം വട്ടപ്പൂജ്യം ആണ്. എന്നിട്ടാണ് സ്റ്റേജിൽ നിന്നൊരു കോമാളി മുദ്രാവാക്യം മുഴക്കി കേന്ദ്ര സർക്കാരിനെ അഭിവാദ്യം ചെയ്തത്.
വിഴിഞ്ഞത്തിൻ്റെ നാൾവഴികളെക്കുറിച്ച് 2023-ൽ ചിന്തയിൽ എഴുതിയ വിശദമായ ലേഖനം ആദ്യ കമൻ്റിൽ.









0 comments