തിരുവാതുക്കൽ ഇരട്ടക്കൊല: കുറ്റപത്രം സമർപ്പിച്ചു; അമിത് ഒറാങ് ഏകപ്രതി

കൊല്ലപ്പെട്ട ടി കെ വിജയകുമാർ, ഭാര്യ ഡോ. മീര (ഇടത്), പ്രതി അമിത് ഒറാങ് (വലത്)
കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അസം സ്വദേശി അമിത് ഒറാങ് ഏകപ്രതിയാണ്. 750 പേജുള്ള കുറ്റപത്രമാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. കേസിൽ 67 സാക്ഷികളെയും നൂറോളം രേഖകളും അന്വേഷകസംഘം ഹാജരാക്കി.
ഏപ്രിൽ 22നാണ് തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി കെ വിജയകുമാർ(64), ഭാര്യ ഡോ. മീര(60) എന്നിവരെ മുൻ ജീവനക്കാരനായ അസം സ്വദേശി അമിത് ഉറാങ്(30) കൊലപ്പെടുത്തിയത്. സംഭവം നടന്ന് 85 ദിവസത്തിനകമാണ് കോട്ടയം വെസ്റ്റ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. വിജയകുമാറിനോടും ഭാര്യയോടും അമിതിനുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ച് കയറൽ, മോഷണം, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മുമ്പ് വിജയകുമാറിന്റെ ഫോൺ മോഷ്‌ടിച്ച് അമിത് സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നു. പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ പണം തിരികെ നൽകാമെന്ന് അമിത് പറഞ്ഞെങ്കിലും വിജയകുമാർ കേൾക്കാൻ കൂട്ടാക്കിയില്ല. ജയിലിൽനിന്ന് ഇറങ്ങിയശേഷവും കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് ഇയാൾ വിജയകുമാറിനെ ബന്ധപ്പെട്ടെങ്കിലും തയ്യാറായില്ല.
ഇതിനിടെ ഭാര്യയുടെ ഗർഭം അലസിപ്പോയതും വ്യക്തിപരമായ നിരവധി ബുദ്ധിമുട്ടുകൾക്കും കാരണം വിജയകുമാറാണെന്ന പക ഇയാൾ മനസ്സിൽ സൂക്ഷിച്ചിരുന്നു. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്ന പ്രതിയെ അടുത്ത ദിവസം തൃശൂർ മാളയ്ക്കടുത്ത് മേലടൂർ ആലത്തൂരിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. നിലവിൽ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിലാണ്.









0 comments