തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: ദമ്പതികളുടെ സംസ്കാരം ഞായറാഴ്ച; പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്‌

thiruvathukkal-double-murder-couple
വെബ് ഡെസ്ക്

Published on Apr 25, 2025, 07:24 PM | 1 min read

കോട്ടയം: നാടിനെ നടുക്കിയ ഇരട്ടക്കൊലയിൽ കൊല്ലപ്പെട്ട വിജയകുമാർ– മീര ദമ്പതികളുടെ സംസ്കാരം ഞായർ പകൽ മൂന്നിന്‌ വീട്ടുവളപ്പിൽ നടക്കും. അമേരിക്കയിലായിരുന്ന മകൾ ​ഗായത്രി നാട്ടിലെത്തിയതിന് പിന്നാലെയാണ് സംസ്കാര സമയം കുടുംബം തീരുമാനിച്ചത്. ഞായർ രാവിലെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനം നടത്തും. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്‌ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.


അതേസമയം കേസിലെ പ്രതി അമിത്‌ ഉറാങ്ങിനെ പൊലീസ്‌ കസ്റ്റഡിയിൽ വിടാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി കെ വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. അസം സ്വദേശി അമിത്‌ കോടാലി കൊണ്ട്‌ ആക്രമിച്ചാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. തൃശൂർ മാളയിൽ നിന്ന്‌ പിടികൂടിയ പ്രതിയെ മെയ്‌ എട്ട്‌ വരെ കോടതി റിമാൻഡ്‌ ചെയ്തിരുന്നു.


വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടാണ് അമിത് വീട്ടിലെത്തിയതെന്നും എന്നാൽ വിജയകുമാറിനെ കോടാലി ഉപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തുന്ന ശബ്ദം കേട്ട് ഭാര്യ മീരയുമെത്തിയതോടെ ഇവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന വിജയകുമാറിന്റെ പരാതിയിൽ അമിത് നേരത്തെ പൊലീസ് പിടിയിലായിരുന്നു. മോഷണക്കേസിൽ പ്രതിയാക്കിയതാണ് വ്യക്തിവൈരാ​ഗ്യത്തിന് പിന്നിൽ. തന്റെ കുടുംബവും ജീവിതവും തകർത്തത് വിജയകുമാറാണെന്നാണ് അമിത് പറയുന്നത്. മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയി. അമിത് ജയിലിൽ ആയിരുന്ന കാലത്ത് ഭാര്യയുടെ ഗർഭം അലസുകയും ചെയ്തിരുന്നു. തന്റെ കുടംബജീവിതം തകർന്നത് വിജയകുമാർ കാരണമാണെന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി.


പ്രതി അമിത് ഉറാങ് കൊലപാതകം നടത്തിയ ശേഷം സിസിടിവി ഡിവിആർ ഉപേക്ഷിക്കാൻ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കൊലപാതകം നടത്താൻ പ്രതി അമിത് വീട്ടിലേക്ക് പോകുന്നതും തിരിച്ച്‌ പോയതും ഒരേ വഴിയിൽ തന്നെയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. പ്രതി കൊലപാതകം ചെയ്ത ശേഷം വീട്ടിൽ നിന്നു ഇറങ്ങിയത് 3.30ന് ശേഷമാണ്. പ്രദേശത്തുള്ള വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ്‌ ലഭ്യമായിരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home