ആശുപത്രിയിൽ ലഭിക്കുന്നത് മികച്ച സേവനം
ചാണ്ടി ഉമ്മന്റേത് പക്വതയില്ലാത്ത പ്രവൃത്തി : തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സംഭവത്തിലെ പ്രതിഷേധത്തിൽ ചാണ്ടി ഉമ്മന്റെ പക്വതയില്ലാത്ത പ്രവൃത്തിയുമായി യോജിക്കുന്നില്ലെന്ന് കെപിസിസി അച്ചടക്ക സമിതി ചെയർമാൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ തടഞ്ഞ് അക്രമം നടത്തിയത് ശരിയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച കേസിൽ ഒന്നാം പ്രതിയാണ് ചാണ്ടി ഉമ്മൻ.
മെഡിക്കൽ കോളേജിന്റെ ആംബുലൻസിലാണ് മൃതദേഹം കൊണ്ടുപോകേണ്ടിയിരുന്നത്. അല്ലെങ്കിൽ വാടകയ്‌ക്ക് ഏർപ്പാടാക്കണമായിരുന്നു. അഭയം കാരുണ്യ സംഘടനയുടെ ആംബുലൻസിൽ സൗജന്യമായാണ് കൊണ്ടുപോയതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ അംഗീകരിക്കാൻ തിരുവഞ്ചൂർ തയ്യാറായില്ല.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയും താങ്കൾ മന്ത്രിയുമായിരുന്ന കാലത്ത് ആശുപത്രി കെട്ടിടം അപകടഭീഷണിയിലാണെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും എന്ത് ചെയ്‌തെന്ന ചോദ്യത്തിനും മറുപടി പറയാതെ ഒഴിഞ്ഞുമാറി. മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ രാഷ്‌ട്രീയം കലർത്തുന്നില്ലെന്നും ആശുപത്രിയിൽ ലഭിക്കുന്നത് മികച്ച സേവനമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.









0 comments