വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് തിരുവനന്തപുരത്തേക്ക്

tvm stadium
വെബ് ഡെസ്ക്

Published on Aug 12, 2025, 04:31 PM | 2 min read

തിരുവനന്തപുരം: ഇന്ത്യ ആതിഥ്യംവഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് ആഥിത്യമരുളാൻ തിരുവനന്തപുരത്തിന് അവസരം ഒരുങ്ങുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് എത്തിയേക്കും. കളി കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് തീരുമാനം. ഔദ്യോഗിക അറിയിപ്പ് വരുന്നതോടെ ഒരുക്കങ്ങൾ തുടങ്ങും.


ഐപിഎല്‍ കിരീടം നേടിയ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആഘോഷ പരിപാടിക്കിടെ ദുരന്തം സംഭവിച്ചതിന്റെ  പശ്ചാത്തലത്തിലാണ് ചിന്നസ്വാമിയിലെ മത്സരങ്ങള്‍ മാറ്റാനുള്ള ആലോചന. ബിസിസിഐ ഏപെക്സ് കൗൺസിൽ യോഗത്തിൽ തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയവും പരിഗണിച്ചിരുന്നു.


മത്സരങ്ങള്‍ പൂര്‍ണമായും തിരുവനന്തപുരത്തേക്ക് എത്തുകയാണെങ്കിൽ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഉദ്ഘാടനവും ഇവിടെയാവും. സെപ്റ്റംബര്‍ 30-ന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ്.


ഒക്ടോബര്‍ മൂന്നിനുള്ള ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പോരാട്ടത്തിനും ഒക്ടോബര്‍ 26-ന് നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിനും അവസരമുണ്ടാവും. ഒക്ടോബര്‍ 30-നാണ് രണ്ടാം സെമിഫൈനല്‍. മൊത്തം അഞ്ച് മത്സരങ്ങൾ തിരുവനന്തപുരത്ത് നടന്നേക്കും.


ചിന്നസ്വാമി സ്റ്റേഡിയം ഫിറ്റല്ല


ദ്ഘാടന ചടങ്ങ് ഉൾപ്പെടെ നഗരത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന മത്സരങ്ങൾ മറ്റ് വേദികളിലേക്ക് മാറ്റുമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സി‌എ) വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തകൾ ഉണ്ടായിരുന്നു. വലിയ തോതിലുള്ള പരിപാടികൾക്ക് ചിന്നസ്വാമി സ്റ്റേഡിയം അടിസ്ഥാനപരമായി സുരക്ഷിതമല്ലായെന്ന് ജസ്റ്റിസ് ജോൺ മൈക്കൽ ഡി കുൻഹ കമ്മീഷന്‍റെ കണ്ടെത്തലുകൾ കർണ്ണാടകയ്ക്ക് പ്രതികൂലമാണ്.


പ്രവേശന, എക്‌സിറ്റ് പോയിന്‍റുകളുടെ അപര്യാപ്‌ത, പൊതുഗതാഗതത്തിലേക്കുള്ള മോശം കണക്റ്റിവിറ്റി, ക്യൂ ഏരിയകളുടെ അഭാവം, അടിയന്തര ഒഴിപ്പിക്കൽ പദ്ധതികളുടെ കുറവ്, പാർക്കിംഗ് സ്ഥലം എന്നിവയും വലിയ പരിപാടികൾ സംഘടിപ്പിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി.


പതിനൊന്ന് ക്രിക്കറ്റ് ആരാധകരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പൊലീസ് അനുമതി നൽകാത്തതിനാൽ കർണാടകത്തിലെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളിലൊന്നായ മഹാരാജാസ് ട്രോഫി ട്വന്റി 20 മൈസൂരുവിലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 11 മുതൽ 28 വരെ നടക്കുന്ന ടൂർണമെന്റിന് മൈസൂരു ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്തവണ വേദിയായിരിക്കുന്നത്.


ഗേറ്റ് അടച്ചിട്ടശേഷം ഒഴിഞ്ഞ ഗാലറിക്കുമുൻപിൽ ടൂർണമെന്റ് നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. ഇതിനും പോലീസ് അനുമതി നൽകാൻ തയ്യാറായില്ല. ജൂൺ മൂന്നിന് നടന്ന ദുരന്തത്തിൽ പോലീസിന് വലിയ പഴി കേട്ടതാണ്.


cricket


ന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളാണ് വനിതാ ലോകകപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ എത്തിയിരുന്നു. വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം റണ്ണേ‍ഴ്സപ്പ് ആയതാണ്. മികച്ച രാജ്യാന്തര സ്റ്റേഡിയങ്ങളിൽ ഒന്നായ തിരുവനന്തപുരം ആദ്യമായാണ് ഐസിസി ചാംപ്യൻഷിപ്പിനു വേദിയാകുന്നത്.


2023ൽ ഇന്ത്യയിലെത്തിയ പുരുഷ ഏകദിന ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ ഇവിടെ ആയിരുന്നു. രണ്ട് ഏകദിനങ്ങൾ ഉൾപ്പെടെ ആറ് രാജ്യാന്തര മത്സരങ്ങൾക്ക് തിരുവനന്തപുരം സ്റ്റേഡിയം അരങ്ങായിട്ടുണ്ട്. 2023ൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ രാജ്യാന്തര ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം (317 റൺസ്) നേടിയ ചരിത്രവും തിരുവനന്തപുരത്താണ്.

ട്രോഫി ടൂർ തുടങ്ങി


ന്ത്യയിൽ നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കൗണ്ട് ഡൗൺ ‘50 ഡെയ്‌സ് ടു ഗോ’ പരിപാടി മുംബൈയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ് ഷാ ഉദ്ഘാടനം ചെയ്തു. ഐസിസി ട്രോഫി ടൂറിന്റെ ഔദ്യോഗിക ലോഞ്ചും ഇതോടൊപ്പം നടന്നു.


മുംബൈയിൽനിന്ന് തുടങ്ങുന്ന ട്രോഫി ടൂർ ഡൽഹി ഉൾപ്പെടെ എല്ലാ ആതിഥേയ നഗരങ്ങളിലും പര്യടനം നടത്തും. ഇന്ത്യൻ ഇതിഹാസ താരങ്ങളായ മിത്താലി രാജ്, യുവരാജ് സിങ്, ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ, താരങ്ങളായ സ്മൃതി മന്ഥാന, ജമീമ റോഡ്രിഗസ് എന്നിവർ ടൂറിന് തുടക്കിടാനായി എത്തി.



deshabhimani section

Related News

View More
0 comments
Sort by

Home