Deshabhimani

ഓട്ടോമോട്ടീവ് വ്യവസായത്തിലെ ആഗോള ഹബ്ബാകാന്‍ തിരുവനന്തപുരം

automotive industry
വെബ് ഡെസ്ക്

Published on Feb 06, 2025, 06:39 PM | 2 min read

തിരുവനന്തപുരം: ഇലക്ട്രിക്, സോഫ്റ്റ് വെയര്‍ അധിഷ്ഠിത വാഹനങ്ങളിലേക്കുള്ള മാറ്റം ഉള്‍ക്കൊണ്ട് ഭാവിയിലെ ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യയുടെ കേന്ദ്രമായി മാറാന്‍ തിരുവനന്തപുരം സുസജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ച് സിഐഐ കേരള സംഘടിപ്പിച്ച കേരള ഓട്ടോമോട്ടിവ് ടെക്നോളജി സമ്മിറ്റ് കെഎടിഎസ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു.


ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്കു മുന്നോടിയായി മേഖലാ നിര്‍ദിഷ്ട കോണ്‍ക്ലേവുകളുടെ ഭാഗമാണ് ഏകദിന ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് നടത്തിയത്. ഓട്ടോമോട്ടീവ് വ്യവസായത്തിലെ ആഗോള ഹബ്ബാകാന്‍ ഒരുങ്ങുന്ന കേരള തലസ്ഥാനത്തിന്‍റെ കുതിപ്പിന് ഊര്‍ജ്ജമേകുന്ന ചര്‍ച്ചകളും ആശയങ്ങളും സമ്മേളനത്തില്‍ പങ്കുവച്ചു. ഓട്ടോമോട്ടീവ് ആവാസവ്യവസ്ഥയില്‍ കേരളത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്ന പുതിയ പങ്കാളിത്തങ്ങള്‍, നിക്ഷേപ പ്രതിബദ്ധതകള്‍ എന്നിവയ്ക്ക് തുടക്കമിടാനും സമ്മേളനത്തിനായി.


സുസ്ഥിര, പരിസ്ഥിതിസൗഹൃദ ഭാവി ഉറപ്പാക്കുന്നതില്‍ ഇ വി, എസ് ഡിവി മൊബിലിറ്റി എന്നിവയിലേക്കുള്ള മാറ്റം സുപ്രധാനമാണെന്ന് മന്ത്രി രാജന്‍ പറഞ്ഞു. ലോകനിലവാരത്തിലുള്ള ഹൈടെക് ആവാസവ്യവസ്ഥ വികസിപ്പിച്ചെടുത്ത തിരുവനന്തപുരം നഗരത്തിന് ഈ മേഖലയില്‍ വന്‍ സാധ്യതകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ലോകമെമ്പാടുമുള്ള വാഹനങ്ങളില്‍ നല്ലൊരു പങ്കും കേരളത്തിലെ ഓട്ടോമോട്ടീവ് കമ്പനികള്‍ നല്‍കുന്ന ഗവേഷണ ബാക്കപ്പ് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്നും അതിനാല്‍ സംസ്ഥാനം ഇതിനകം തന്നെ ഈ മേഖലയില്‍ ആഗോളതലത്തില്‍ നിര്‍ണായക സ്ഥാനം നേടിയിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു. ഉയര്‍ന്ന മനുഷ്യ വിഭവ ശേഷി, അടിസ്ഥാന സൗകര്യങ്ങള്‍, പുരോഗമനപരമായ സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയ കേരളത്തിന്‍റെ സവിശേഷതകളാണ്. ഇത് കമ്പനികള്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള സാഹചര്യം ഒരുക്കുന്നു. കേരളത്തില്‍ നിക്ഷേപത്തിനുള്ള അനുകൂല സമയമാണിത്. ആക്സിയ, ഡിസ്പെയ്സ്, നിസ്സാന്‍ ഡിജിറ്റല്‍ ഇന്ത്യ, ടാറ്റ എല്‍ക്സി, വിസ്റ്റിയോണ്‍ തുടങ്ങിയ മുന്‍നിര കമ്പനികള്‍ ഇതിനോടകം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.


മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം കൂടുതലാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഇലക്ട്രിക് വാഹന ഗവേഷണ വ്യവസായ പാര്‍ക്ക് ഈ മേഖലയോടുള്ള സര്‍ക്കാരിന്‍റെ പ്രതിബദ്ധത കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജ്ഞാന സമ്പദ് വ്യവസ്ഥയെന്ന കേരളത്തിന്‍റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന സംരംഭത്തിന് തുടക്കമിട്ടതിന് സിഐഐയെ മന്ത്രി അഭിനന്ദിച്ചു.


ഓട്ടോമോട്ടീവ് ഒഇഎമ്മുകളുടെയും ടയര്‍-1 കളുടെയും കേരളത്തിലെ അവസരങ്ങള്‍ എന്ന വിഷയത്തില്‍ കെഎസ്ഐഡിസി ചെയര്‍മാന്‍ സി ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ഉയര്‍ന്ന മൂല്യവര്‍ധിത വ്യവസായങ്ങളുടെ സാന്നിധ്യം, പ്രതിശീര്‍ഷ ഉപഭോഗവും ചെലവും, സാമൂഹിക വികസന സൂചികകള്‍, ശക്തമായ ഭൗതിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഹൈടെക് സംരംഭങ്ങളില്‍ കേരളം ഇതിനകം തന്നെ ഏറെ മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് ബാലഗോപാല്‍ പറഞ്ഞു.


ബിഎംഡബ്ല്യു ഗ്രൂപ്പിന്‍റെ മുന്‍ വൈസ് പ്രസിഡന്‍റും സിഐഐ കെഎടിഎസ് 2025 ചെയര്‍മാനുമായ സ്റ്റെഫാന്‍ ജുറാഷെക് 'മൊബിലിറ്റിയുടെ എസ് ഡിവി ഭാവി പ്രാപ്തമാക്കുക' എന്ന വിഷയത്തില്‍ സംസാരിച്ചു. ബിഎംഡബ്ല്യു ടെക് വര്‍ക്സ് ഇന്ത്യ സിഇഒ ആദിത്യ ഖേര, മേഴ്സിഡസ് ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍, സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ വിനോദ് മഞ്ഞില, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍ കെപിഎംജി പാര്‍ട്ണറും ബിസിനസ് കണ്‍സള്‍ട്ടിംഗ് മേധാവിയുമായ വിനോദ് കുമാര്‍ ആര്‍, സിഐഐ തിരുവനന്തപുരം സോണ്‍ ചെയര്‍മാനും ആക്സിയ ടെക്നോളജീസ് ഫൗണ്ടറും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. പ്രമുഖ ഓട്ടോമോട്ടീവ്, ടെക്നോളജി സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 300-ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home