നാടിനെ നടുക്കിയ കൊലപാതകം: വിനീതയെ കൊലപ്പെടുത്തിയത് നാലരപ്പവൻ സ്വർണമാല കവരാൻ

2022 ഫെബ്രുവരി ആറ് ഞായറാഴ്ചയായിരുന്നു തലസ്ഥാന നഗരത്തെ നടുക്കിയ സംഭവം. കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളപോഴാണ് രാജേന്ദ്രൻ പട്ടാപ്പകൽ വിനീതയെ നഗര ഹൃദയത്തിൽ വെച്ച് വെട്ടി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട വിനീതയുടെ നാലര പവൻ തുക്കം വരുന്ന സ്വർണ്ണ മാല കവരുന്നതിനായാണ് പ്രതി ക്രൂര കൃത്യം നടത്തിയത്. ഇയാൾ പേരൂർക്കട ഭാഗത്തെ ഒരു ഹോട്ടലിൽ ഒരു മാസത്തിലേറെയായി ജോലി നോക്കി വരികയായിരുന്നു.
അമ്പലമുക്ക് കുറവൻകോണം റോഡിലെ “ടാബ്സ് അഗ്രി ക്ലിനിക്“ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു വിനീത. രണ്ടുവർഷം മുമ്പ് ഹൃദ്രോഗ ബാധിതതിനായി ഭർത്താവ് മരിച്ച വിനിത കൊല്ലപ്പെടുന്നതിന് ഒമ്പത് മാസം മുമ്പാണ് ഈ സ്ഥാപനത്തിൽ ജോലിക്കെത്തിയത്. ചെടികൾക്ക് വെള്ളമൊഴിക്കാനായിരുന്നു ഞായറാഴ്ച വിനീത വന്നത്. കഴുത്തിൽ നാലരപവൻ മാലയുണ്ടായിരുന്നു. അതവരുടെ അവസാനത്തെ ദിവസമായി.
Related News
തമിഴ്നാട്ടിൽ നിന്നും പേരൂർക്കടയിലെ ടീ സ്റ്റാളിൽ ജീവനക്കാരനായിരുന്ന രാജേന്ദ്രൻ സംഭവ ദിവസം രാവിലെ 11.30 ഓടെയാണ് അമ്പലമുക്ക് ജംഗ്ഷനിലെത്തിയത്. 11.42 ഓടെ ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന വീനീതയുടെ കടയിലേക്ക് രാജേന്ദ്രൻ കയറി. പിന്നീട് രാജേന്ദ്രന്റെ ആവശ്യപ്രകാരം ചെടിച്ചട്ടി എടുക്കാനായി ചെടികൾ സൂക്ഷിച്ച ഷെഡിലേക്ക് കയറിയ വിനീതയുടെ കഴുത്തിൽ പ്രതി കത്തി ഉപയോഗിച്ച് കുത്തി. കൊലപാതകത്തിന് ശേഷം നാലര പവൻ തുക്കം വരുന്ന സ്വർണ്ണ മാല കർച്ച ചെയ്തു എന്നാണ് കേസ്.
വിനീതയുടെ മൃതദേഹം ഷെഡിന്റെ മൂലയിലുള്ള തറയിൽ മലർത്തി കിടത്തിയതിന് ശേഷം അവിടെയുണ്ടായിരുന്ന മണലരിപ്പയും ഫ്ളക്സ്ഷീറ്റും കൊണ്ട് മൂടി മൃതദേഹം ഒളിപ്പിച്ചു. തുടർന്ന് 11.54 ഓടെ രക്ഷപ്പെട്ടു. രക്തം പുരണ്ട ഷർട്ട് കോർപറേഷൻ വക അലപ്പുറം കുളത്തിൽ ഉപേക്ഷിച്ച ശേഷം ഷർട്ടിനടിയിൽ ധരിച്ചിരുന്ന ടീ ഷർട്ടും ധരിച്ചാണ് പേരൂർക്കടയിലുള്ള താമസമുറിയിലേക്ക് പോയത്.
തെളിവ് നശിപ്പിക്കാൻ ചിരവകൊണ്ട് സ്വന്തം കയ്യിൽ മുറുവുണ്ടാക്കി
വിനീതയെ കൊലപ്പെടുത്തുന്ന സമയത്ത് രാജേന്ദ്രന്റെ വലത് കൈയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തന്റെ കൈയിലേറ്റ മുറിവുകൾ തേങ്ങ ചുരണ്ടിയതിൽ വെച്ച് ഉണ്ടായതാണെന്ന് വരുത്തി തീർക്കാൻ ഹോട്ടൽ ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച് കൊണ്ടിരുന്ന ഇലക്ട്രിക് ചിരവയിൽ സ്വമേധയാ തന്റെ വലത് കൈ വെച്ച് മുറിവുണ്ടാക്കുകയും രാത്രി 7.40 ന് പേരൂർക്കടാ ജില്ലാ ആശുപത്രിയിൽ ചികിത്സ നേടുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ തമിഴ്നാട് കാവൽക്കിണറിലേക്ക് കടന്ന പ്രതിയെ ഫെബ്രുവരി 11ന് കാവൽകിണറിൽ നിന്നുമാണ് പേരൂർക്കട സിഐ സജികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്. വിനീത ധരിച്ചിരുന്ന സ്വർണമാല തമിഴ്നാടിലെ കാവൽകിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചിരുന്നത് പൊലീസ് കണ്ടെടുത്തിരുന്നു.
ദൃസാക്ഷികളാരും ഇല്ലാതിരുന്ന കേസിൽ പ്രോസീക്യൂഷന് സഹായകരമായത് സാഹചര്യ തെളിവുകളും, ശാസ്ത്രീയമായ തെളിവുകളും, സൈബർ ഫോറെൻസിക് തെളിവുകളുമാണ്. കൃത്യദിവസം കൃത്യത്തിന് മുൻപും ശേഷവുമുള്ള രാജേന്ദ്രന്റെ സഞ്ചാരപദങ്ങൾ നഗരത്തിലെ സിസിടിവി ക്യാമറകളിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 11 പെൻഡ്രൈവുകളിലാക്കി പ്രോസീക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷം വിനീത ധരിച്ചിരുന്ന സ്വർണമാല കണ്ടെടുക്കുന്നതിന്റെയും രാജേന്ദ്രൻ ധരിച്ചിരുന്ന രക്തം പുരണ്ട ഷർട്ട് അലപ്പുറം കുളത്തിൽ നിന്ന് കണ്ടെടുക്കുന്നതിന്റെയും വിനീതയെ കൊലപ്പെടുത്താൻ ഉപയോഗിച്ചിരുന്ന കത്തി പ്രതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഒളിപ്പിച്ചുവെച്ചത് കണ്ടെടുക്കുന്നതുൾപ്പടെയുള്ള ഏഴ് ഡിവിഡി ദൃശ്യങ്ങളും അടങ്ങിയ 68 ലക്ഷ്യം വകകൾ പ്രോസീക്യൂഷൻ ഹാജരാക്കിയിരുന്നു.
വിനിതയുടെ മാതാവ് രാഗിണി സഹോദരൻ വിനോദ്, ടാബ്സ് അഗ്രി ക്ലിനിക് ഉടമ തോമസ് മാമൻ ഉൾപ്പടെ 96 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. 222 രേഖകളും ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ, ദേവിക മധു, ഫസ്ന ജെ, ചിത്ര ഒ എസ് എന്നിവർ ഹാജരായി.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജി സ്പർജൻ കുമാർ ഐപിഎസിന്റെ മേൽനോട്ടത്തിൽ കന്റോൺമെന്റ് എസിയായിരുന്ന വി എസ് ദിനരാജ്, പേരൂർക്കട സിഐ ആയിരുന്ന വി സജികുമാർ, ജുവനപുടി മഹേഷ് ഐപിഎസ്, സബ് ഇൻസ്പക്ടർമാരായ എസ് ജയുമാർ, ആർ അനിൽകുമാർ, മീന എസ് നായർ, സീനിയർ സിവിൽ പൊലീസുകരായ പ്രമോദ് ആർ, നൗഫൽ റഫീഖ്, ഷംനാദ്, അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്..
നിർണ്ണായകമായത് ചുമരിൽ പതിഞ്ഞ രക്തം
വിനിതയെ കൊലപ്പെടുത്തുന്നതിനിടെ അക്രമം തടയാനുള്ള വിനിതയുടെ ശ്രമത്തിനിടയിൽ രാജേന്ദ്രന്റെ വലത് കൈയിലെ വിരലുകൾക്കും മുറിവേറ്റിരുന്നു. കൊലനടത്തി കവർന്നെടുത്ത വിനിതയുടെ സ്വർണമാലയുമായി രാജേന്ദ്രൻ മടങ്ങുമ്പോൾ രാജേന്ദ്രന്റെ വിരലുകളിലെ രക്തം ചുമരിൽ പതിഞ്ഞിരുന്നു. ചുമരിൽ നിന്നും സയന്റിഫിക് അസിസ്റ്റന്റ് സുനിത കൃഷ്ണൻ ശേഖരിച്ച രക്തസാമ്പിളുകളിലും പ്രതിയിൽ നിന്നും കണ്ടെടുത്ത കത്തിയിലും കണ്ടെത്തിയത് രാജേന്ദ്രന്റെയും വിനിതയുടേയും രക്തമാണന്ന് ഫോറൻസിക് ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയത് കേസിൽ നിർണ്ണായക തെളിവായി.
വിനിതയെ കൊലപ്പെടുത്താൻ രാജേന്ദ്രൻ ഉപയോഗിച്ച കത്തി പേരൂർക്കടയിൽ രാജേന്ദ്രൻ ജോലി ചെയ്തിരുന്ന ഹോട്ടലിലെ ജീവനക്കാർ താമസിച്ചിരുന്ന മുറിയിൽ നിന്നും രാജേന്ദ്രന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെടുത്തിരുന്നു. മുറിയിലെ വാഷ് ബെയ്സിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. കൊല നടന്ന സമയത്ത് പ്രതി രാജേന്ദ്രൻ ധരിച്ചിരുന്ന ഷർട്ട് മുട്ടടയിലുള്ള അലപ്പുറം കുളത്തിൽ നിന്നും ഫയർഫോഴ്സ് സ്കൂബാ ഡൈവേഴ്സും മുങ്ങൽ വിദഗ്ദ്ധരും പരിശോധന നടത്തി കണ്ടെടുത്തി.
ബിരുദാനന്തര ബിരുദധാരി, അധ്യാപകൻ
വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രൻ തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡിസ്റ്റൻസ് എഡ്യൂക്കേഷനിലൂടെ ബിഎഡ് ഡിഗ്രി കരസ്ഥമാക്കിയ ശേഷം എം എ ഹിസ്റ്ററി, എം എ എക്കണോമിക്സ് പഠനം പൂർത്തിയാക്കി തമിഴ്നാട്ടിലെ പേൾ മെട്രിക് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. മൈക്രോസോഫ്ട് ആപ്ളിക്കേഷൻ സോഫ്റ്റ് വയറിലും പ്രാവീണ്യം നേടി.
സമാനസ്വഭാവമുള്ള മൂന്ന് കൊലപാതകങ്ങൾ തമിഴ്നാട്ടിൽ ചെയ്തശേഷം ജാമ്യത്തിൽ കഴിയവെയാണ് പ്രതി പേരൂർക്കടയിലെ കൊലപാതകം നടത്തിയത്. തമിഴ്നാട് തിരുനെൽവേലി ആരുൽവാമൊഴി വെള്ളമടം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളർത്ത് മകൾ അഭിശ്രീ (13) എന്നിവരെ കൊലപെടുത്തി 95ഗ്രാം സ്വർണാഭരണം കവർച്ച നടത്തിയ കേസിലും രാജേന്ദ്രൻ പ്രതിയാണ്. അതിന്റെ വിചാരണ നാഗർകോവിൽ സെഷൻസ് കോടതിയിൽ നടന്നു വരുന്നു. ഉന്നതബിരുദ്ധധാരിയായ രാജേന്ദ്രൻ ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിംങ്ങിൽ പണം നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയിരുന്നത്.
ആദ്യം കൊലചെയ്തത് അയൽക്കാരനെയും ഭാര്യയെയും വളർത്തു മകളെയും
തമിഴ്നാട്ടിൽ കൊല്ലപ്പെട്ട സുബ്ബയ്യയും ഭാര്യ വാസന്തിയും തിരുനെൽവേലി ജില്ലയിലെ വെള്ളമടം വേമ്പത്തൂർ കോളനി രാജീവ് നഗറിലെ വസന്തഭവൻ വീട്ടിലാണ് താമസിച്ചിരുന്നത്. മക്കളില്ലാത്തതതിനാൽ മകൾ അഭിശ്രീയെ ദത്തെടുത്ത് വളർത്തുകയായിരുന്നു. സുബ്ബയ്യയുടെ വീടിന് സമീപത്താണ് രാജേന്ദ്രന്റെ വീടും സ്ഥിതിചെയ്തിരുന്നത്. ഭൂമിയുടെ ഉടമസ്ഥതയിൽ ധാരാളം സൗകര്യങ്ങളോടെ സുബ്ബയ്യ ജീവിച്ച വന്നിരുന്നതിനാൽ അയാളുടെ വീട്ടിലെ നിലവറയിൽ ധാരാളം സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയാണ് രാജേന്ദ്രൻ സുബ്ബയ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. സുബ്ബയ്യയുടെ വീട്ടിൽ തേങ്ങാ പൊതിക്കുകയും നെല്ലുണക്കുകയും തുടങ്ങി ചെറിയ ജോലികളും ചെയ്ത് കൊടുത്തിരുന്നു.
2014 ഡിസംബർ 19 രാജേന്ദ്രൻ സുബ്ബയ്യയെ ഫോണിൽ വിളിച്ച് തനിക്ക് ഓഹരി വിപണിയിൽ നിന്ന് കിട്ടാനുള്ള 35 ലക്ഷം രൂപ കിട്ടിയെന്നും അത് വീട്ടിൽ സുക്ഷിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. അന്ന് വൈകുന്നേരം തിരുനെൽവേലിയിലെ ഓഫീസിൽ നിന്ന് ഇറങ്ങിയ സുബ്ബയ്യയോടൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ കാവൽക്കിണർ കണ്ണപ്പനല്ലൂർ റോഡിലെ വിജനമായ സ്ഥലത്തെത്തിയപ്പോൾ രാജേന്ദ്രൻ തന്റെ സോക്‌സിൽ ഒളിപ്പിച്ച് വെച്ചിരുന്ന കത്തിയെടുത്ത് സുബ്ബയ്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സുബ്ബയ്യയുടെ കൈയിൽ കിടന്നിരുന്ന ഏഴര ഗ്രാം വരുന്ന സ്വർണ മോതിരവും മൊബൈൽ ഫോണും മോഷണം ചെയ്ത് മൃതദേഹം അടുത്തുള്ള കുറ്റികാട്ടിൽ ഉപേക്ഷിച്ചു. പിന്നാലെ സുബ്ബയ്യയുടെ മൊബൈലിൽ നിന്ന് ഭാര്യ വാസന്തിയെ വിളിച്ച് 35 ലക്ഷം രൂപയുമായി ചേട്ടനോടൊപ്പം വീട്ടിലേക്ക് വരുകയാണെന്നും വീട്ടിലെ ലൈറ്റുകൾ ഓഫ് ചെയ്യണമെന്നും രാജേന്ദ്രൻ പറഞ്ഞു. രാത്രി എട്ടോടെ സുബ്ബയ്യുടെ വീട്ടിലെത്തി. തുടർന്ന് വാസന്തിയെയും മകൾ അഭിശ്രീയെയും കൊലപ്പെടുത്തി.
വാസന്തിയുടെയും അഭിശ്രീയുടെയും മൃതദേഹങ്ങൾ വീടിനടുത്തുള്ള ചെടികൾക്കിടയിൽ ഒളിപ്പിച്ച ശേഷം വീടിനുള്ളിൽ കയറി 93 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്‌ത് ഇരുചക്ര വാഹനത്തിൽ രക്ഷപെടുകയായിരുന്നു. അടുത്ത ദിവസം സുബ്ബയ്യയുടെ സഹോദരന്റെ മകൾ വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സുബ്ബയ്യയുടെ വീട്ടിൽ എന്താണ് സംഭവിച്ചത് എന്ന കാര്യം തിരക്കാൻ തടിച്ച്കൂടിയ ഗ്രാമവാസികളോടൊപ്പം രാജേന്ദ്രനും മുണ്ടായിരുന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സുബ്ബയ്യയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
ആരൽവാമൊഴി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2014 ഡിസംബർ 27ന് രാജേന്ദ്രൻ അറസ്റ്റിലായി. തുടർന്ന് അന്വേഷണം നാഗർകോവിൽ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ഗൂഡാലോചനാ കുറ്റത്തിന് രാജേന്ദ്രനോടൊപ്പമുണ്ടായിരുന്ന കൂട്ട് പ്രതിയെ കണ്ടെത്താൻ വൈകിയത് കാരണം കൃത്യസമയത്ത് പൊലീസ് കുറ്റപത്രം നൽകാത്തതിനെ തുടർന്ന് 2015 ഡിസംബറിൽ രാജേന്ദ്രൻ ജയിലിൽ നിന്നും പുറത്തിറങ്ങി.
കൊലപാതകങ്ങൾ സമാനസ്വഭാവം; ഇരയുടെ ശബ്ദം പുറത്ത് കേൾക്കില്ല
സുബ്ബയ്യ, വാസന്തി, അഭിശ്രീ എന്നിവരെ പോസ്റ്റ്മോർട്ടം ചെയ്ത ആശാരിപ്പള്ളം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ധനായ ഡോ. ആർ രാജമുരുഗനെ വിനീത കൊലക്കേസിന്റെ വിചാരണയിൽ പ്രോസിക്യൂഷൻ വിസ്തരിച്ചിരുന്നു. കോടതിയിൽ കാണിച്ച വിനീതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും താൻ തമിഴ്നാട്ടിൽ ചെയ്‍ത മൂന്ന് പോസ്റ്മോർട്ടത്തിലും പ്രതി ഇരകളെ കൊലപ്പെടുത്തിയ രീതി സമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ശബ്ദം പോലും പുറത്ത് കേൾപ്പിക്കാതെയാണ് നാല് കൊലകളും നടത്തിയത്. ഇരകളുടെ ശബ്ദം പുറത്ത് വരാതിരിക്കാൻ കഴുത്തിൽ മുറിവേൽപ്പിക്കുന്ന രീതിയാണ് പ്രതി അവലംബിക്കുന്നതെന്നും മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും ഒരുപോലത്തേതാണെന്നും ഡോ. രാജമുരുഗനും, വിനിതയെ പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് അസി. പ്രൊഫസർ ഡോ. സരിതയും കോടതിയിൽ മൊഴി നൽകിയിരുന്നു. ഇരയുടെ പുറകിലൂടെ എത്തിയാണ് കഴുത്തിൽ കത്തി കുത്തി ഇറക്കി ആഴത്തിൽ മുറിവുണ്ടാക്കുന്നത്. ഈ മുറിവ് മരണകാരണമായി തീരുമെന്നും ഡോക്ടർമാർ മൊഴി നൽകി. സുബ്ബയ്യയുടെയും കുടുംബത്തിന്റെയും കൊലപാതകക്കേസുകളിൽ കുറ്റപത്രം സമർപ്പിച്ച തമിഴ്നാട് ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ എൻ പാർവതിയെയും കോടതി വിസ്തരിച്ചിരിന്നു. പ്രതിയുടെ കൊലപാതകത്തിന്റെ സമാന രീതികളും പ്രതി സ്വർണത്തിന് വേണ്ടിയാണ് മൂന്ന് കൊലപാതകങ്ങളും ചെയ്തതെന്നും ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ കോടതിയിൽ മൊഴി നൽകിയിരുന്നു.
ചടുലമായ അന്വേക്ഷണം പഴുതടച്ച് പ്രോസിക്യൂഷൻ
തിരുവനന്തപുരം അമ്പലമുക്ക് അലങ്കാര ചെടി വിൽപ്പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനെ കൃത്യം നടന്ന് ആറാം ദിവസം തന്നെ തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലെ കാവൽകിണർ എന്ന സ്ഥലത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും പേരൂർക്കട എസ്എച്ച്ഒ സജികുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം പിടികൂടിയിരുന്നു.
ലോക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി ഞായറാഴ്ച തിരക്ക് കുറവുള്ളതിനാൽ കൃത്യത്തിനായി ഇയാൾ ഈ ദിവസം തെരഞ്ഞെടുക്കുകയായിരുന്നു. കേരള പൊലീസിന്റെ അന്വേഷണ മികവിലും അന്വേഷണ സംഘത്തിന്റെ നിരന്തര പരിശ്രമത്തിനും ഒടുവിലായാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. കുറ്റകൃത്യത്തിന് ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ വേഷം മാറി ലിഫ്റ്റ് ചോദിച്ച് പല വാഹനങ്ങളിലായി രക്ഷപ്പെടുകയായിരുന്നു ഇയാൾ. പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പൊലീസിന് വെല്ലുവിളിയായിരുന്നു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും സാഹചര്യത്തെളിവുകളും മാത്രമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് പ്രതിയിലേക്ക് എത്താനുണ്ടായിരുന്ന മാർഗങ്ങൾ. ദൃശ്യങ്ങളിൽ നിന്ന് പ്രതിയെന്ന് സംശയിച്ച ആൾ കൃത്യത്തിന് ശേഷം സഞ്ചരിച്ച ആട്ടോറിക്ഷാ ഡ്രൈവറും സ്കൂട്ടർ യാത്രക്കാരനും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെന്ന് സംശയിച്ച ആളിന്റെ രേഖാ ചിത്രവും പൊലീസ് പുറത്ത് വിട്ടിരുന്നു. കൃത്യമായ വിശകലനങ്ങളൂം പഴുതടച്ചുള്ള അന്വേഷണവും പ്രത്യേക സംഘങ്ങളായി നടത്തിയ തിരച്ചിലും പ്രതിയെ പരമാവധി വേഗത്തിൽ തന്നെ പിടികൂടാൻ അന്വേഷണ സംഘത്തിന് സഹായകമായി.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായിരുന്ന ജി സ്പർജൻ കുമാർ ഐപിഎസ്, ഡെപ്യൂട്ടി കമീഷണർ ( ക്രമസമാധാനം ) അങ്കിത് അശോകൻ ഐപിഎസ് എന്നിവരുടെ മേൽനോട്ടത്തിൽ കന്റോൺമെന്റ് അസിസ്റ്റന്റ് കമീഷണർ വി എസ് ദിനരാജ്, പേരൂർക്കട സർക്കിൾ ഇൻസ്പക്ടറായിരുന്ന വി സജികുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് ടീമും, ഷാഡോ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തി തമിഴ്നാട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം പൊലീസ് കുറ്റപത്രം നൽകിയിരുന്നു. 2024 ഏപ്രിൽ 12ന് തുടങ്ങിയ വിചാരണ ഒരു വർഷവും 12 ദിവസവുമെടുത്ത് പൂർത്തിയാക്കി. പ്രതി 2014 ൽ തമിഴ് നാട്ടിൽ നടത്തിയ മൂന്ന് കൊലപാതക കേസുകളിലേയും വിചാരണ നാഗർകോവിൽ കോടതിയിൽ നാളിതു വരെയായും ആരംഭിച്ചിട്ടില്ല.
കൊലപാതകം ചെയ്യുന്നതിനായി പ്രതി രാജേന്ദ്രൻ വിനീത ജോലി ചെയ്തിരുന്ന 'ടാബ്സ് അഗ്രി ക്ലിനിക്' നേഴ്‌സറിയിലേക്ക് അതിക്രമിച്ചു കടന്നു എന്ന കുറ്റം കുറ്റപത്രത്തിൽ ചേർക്കാൻ പൊലീസ് വിട്ടു പോയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തടുർന്ന് പ്രസ്തുത കുറ്റം കൂടി കുറ്റപത്രത്തിൽ കൂട്ടി ചേർക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ പ്രതിക്ക് വിചാരണ നടപടികൾ മനസിലാക്കാൻ ദ്വിഭാഷിയായി അഡ്വ. ആർ കെ രാജേശ്വരി, രുഗ്മ ജെ എം എന്നിവരെ കോടതി നിയമിച്ചിരുന്നു.









0 comments