നിയന്ത്രണം വിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു; ഡ്രൈവർക്ക് പരിക്ക്

തിരുവല്ല: നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് പരിക്ക്. ലോറിയുടെ കാബിനുള്ളിൽ കാൽ കുടുങ്ങിയ നിലയിലായ ഡ്രൈവറെ അഗ്നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. തിരുവല്ല – നാലുകോടി റോഡിൽ പെരുംതുരുത്തി റെയിൽവേ ഗേറ്റിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. ലോറി ഓടിച്ചിരുന്ന തൃശ്ശൂർ സ്വദേശി ഗിരീഷി (34) നാണ് പരിക്കേറ്റത്.
കെഎസ്ഇബിയുടെ സാധനസാമഗ്രികളുമായി വന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നും സ്ഥലത്തെത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം മുറിച്ചുമാറ്റിയാണ് ഗിരീഷിനെ പുറത്തെടുത്തത്. കാലിന് ഗുരുതര പരിക്കേറ്റ ഗിരീഷിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുകോടി ഭാഗത്തുനിന്നും വാഹനം ഓടിച്ചു വരവേ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു. തിരുവല്ല നിലയത്തിൽ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിനുരാജ്, അനിൽകുമാർ, രാംലാൽ, ഷിബിൻ രാജ്, മുകേഷ്, ഷിജു, ആകാശ്, ഹോം ഗാർഡ്മാരായ അനിൽകുമാർ, ലാലു എന്നിവരും ചങ്ങാനാശേരി നിലയത്തിൽ നിന്നുള്ള സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിയാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മനോജ്, റിനു, മനുകുട്ടൻ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വതിലായിരുന്നു രക്ഷാപ്രവർത്തനം.









0 comments