"പണി’യാണെന്നറിഞ്ഞപ്പോൾ സ്വന്തം സംഘത്തെയും തള്ളി ബിജെപി

കെ അനിൽകുമാര്‍, രാജീവ് ചന്ദ്രശേഖര്‍

സ്വന്തം ലേഖകൻ
Published on Sep 26, 2025, 09:57 AM | 1 min read
തിരുവനന്തപുരം : ഫാം ടൂര്‍ സഹകരണസംഘം പ്രസിഡന്റും തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലറുമായ കെ അനിൽകുമാറിന്റെ ആത്മഹത്യ പാർടിക്കെതിരായ വലിയ ‘പണി’യാണെന്ന് തിരിച്ചറിഞ്ഞതോടെ ഭരണസമിതിയെ തള്ളിപ്പറഞ്ഞ് ബിജെപി. ബാങ്കിന്റെ നിയന്ത്രണം ബിജെപിക്കല്ലെന്ന കല്ലുവച്ച നുണയാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, കരമന ജയന്‍, വി മുരളീധരന്‍ എന്നിവർ പറഞ്ഞത്.
തിരുമല അനിൽ പ്രസിഡന്റായി എസ് അനിൽകുമാർ, എം ഗോപാൽ, കെ വി രാധാകൃഷ്‌ണൻ, എ വി സജിലാൽ, വി എസ് ചിത്ര, ആർ രാജി നായർ, പി രാജേശ്വരി, അശ്വതി എന്നിവർ ഉൾപ്പെട്ട ഒന്പതംഗ ഭരണസമിതിക്കായിരുന്നു സംഘത്തിന്റെ നിയന്ത്രണം. 2022ലാണ് ഇവർ ചുമതലയേറ്റത്.
മുന്‍ ജില്ലാ പ്രസിഡന്റും ഹിന്ദു ഐക്യവേദി നേതാവുമാണ് ഭരണസമിതി അംഗമായ എം ഗോപാല്‍ (ഗോപാല്‍ജി). ഇദ്ദേഹം സംഘത്തിന്റെ തുടക്കകാലത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നത്രേ. മറ്റ് ഭരണസമിതിഅംഗങ്ങളും ബിജെപി പ്രവർത്തകരാണ് എന്നിരിക്കെയാണ് അനിലിന്റെ മരണത്തെ തുടർന്ന് ഭരണസമിതി തങ്ങളുടേതല്ലെന്നു പറഞ്ഞ് നേതൃത്വം സംഘത്തെ കൈയൊഴിഞ്ഞത്.
തെരഞ്ഞെടുപ്പ്, പാർടി പരിപാടികൾ തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങൾക്കായി വൻതുകയാണ് നേതാക്കൾ വായ്‌പയെടുത്തത്. നിക്ഷേപകർ ഓരോരുത്തരായി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അനിൽ അസ്വസ്ഥനായി. അപ്പോഴൊന്നും സഹകരിക്കുകയോ പ്രശ്‌നത്തിൽ ഇടപെടുകയോ ചെയ്യാതെ നേതൃത്വം മാറിനിന്നു. സംഘത്തിന്റെ നഷ്‌ടം സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ എന്നിവരിൽനിന്ന് ഇൗടാക്കാനായിരുന്നു അന്വേഷക സംഘത്തിന്റെ റിപ്പോർട്ട്. ഇതേ ചൊല്ലി സെക്രട്ടറി നീലിമ ആർ കുറുപ്പും തിരുമല അനിലും തമ്മിൽ വഴക്ക് പതിവായിരുന്നു.
അനിൽ ജീവനൊടുക്കിയ തലേദിവസവും സംഘത്തിൽവച്ച് ഏറ്റുമുട്ടലുണ്ടായെന്ന് ചിലർ പറയുന്നു. സിസിടിവി ദൃശ്യങ്ങളടക്കം കന്റോൺമെന്റ് എസിപി സ്‌റ്റുവർട് കീലറുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘം പരിശോധിക്കും.









0 comments