വയനാട് പുനരധിവാസത്തിൽ കാലതാമസമുണ്ടായിട്ടില്ല; ദുരന്തബാധിതരെ അശങ്കപ്പെ‌ടുത്തുന്ന രീതിയിൽ ആരും പ്രവർത്തിക്കരുത്: റവന്യൂ മന്ത്രി

minister k rajan
വെബ് ഡെസ്ക്

Published on Feb 28, 2025, 01:05 PM | 1 min read

തൃശൂർ: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് കാലതാമസമുണ്ടായിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ദുരന്തബാധിതരുടെ ഉള്ളിൽ അശങ്ക നിറയ്ക്കുന്ന രീതിയിൽ ആരും പ്രവർത്തിക്കരുതെന്നും മന്ത്രി പറഞ്ഞു. കടം എഴുതി തള്ളാൻ ദേശിയ ദുരന്തനിവാരണ അതോറിറ്റി ഇന്നൊരു പ്രമേയം പാസാക്കിയാല്‍ മതി. എല്ലാവരും പറയുന്നത് സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റ് എന്നാണ്. എന്നാൽ സര്‍ക്കാര്‍ ഈ ലിസ്റ്റില്‍ ഇടപെടുന്നില്ല. 2എ,2ബി ലിസ്റ്റുള്ളവരെ ഒരുമിപ്പിച്ച് പുനരധിവസിപ്പിക്കും. ഈ സാമ്പത്തിക വർഷം തന്നെ പുനരധിവാസം നടത്തുമെന്നും മന്ത്രി പറഞ്ഞു.


ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയത്. ആദ്യ ഘട്ടത്തിന്റെ കരട് ഇറക്കി. പരാതികൾ കേട്ടു. ആദ്യ ലിസ്റ്റ് പൂര്‍ണ്ണമായി അംഗീകരിച്ചു. ദുരന്തബാധിതരുടെ ലിസ്റ്റല്ല, ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റാണ് തയ്യാറാക്കിയത്. ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരെയും പുനരധിവസിപ്പിക്കും. കൽപ്പറ്റ നഗരത്തോട്‌ ചേർന്ന എൽസ്റ്റൺ എസ്റ്റേറ്റിലായിരിക്കും ആദ്യം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. 7സെന്റിൽ 1000സ്ക്വെയർഫീറ്റിലുള്ള വീടുകൾ അവശ്യ സൗകര്യങ്ങളോടെ പണിത് നൽകും.


വീടുകൾ ഒരുമിച്ച് പണിത് നൽകുന്നതിനാൽ ചിലവ് 30 ലക്ഷത്തിൽ നിന്നും 20 ലക്ഷത്തിലേക്ക് ചുരുങ്ങും. എല്ലാവർക്കും ഒരുപോലെ സൗകര്യമുള്ള വീടുകളാണ് നിർമ്മിച്ച് നൽകുന്നത്. സ്പോൺസര്‍ 20 ലക്ഷം അടച്ചാല്‍ മതി. ബാക്കി മെറ്റീരിയല്‍ സ്പോൺസര്‍ ഷിപ്പിലൂടെ ലഭ്യമാക്കും. എന്നിട്ടും തികഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നല്‍കും. 30 ലക്ഷത്തിന്റെ വീട് 20 ലക്ഷം ആക്കി എന്ന പ്രചരണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ദുരന്തബാധിതരില്‍ 2,188 പേര്‍ക്കുള്ള ദിനബത്ത ഏറ്റവും കുറഞ്ഞത് ഒൻപത് മാസത്തേക്കെങ്കിലും നൽകും. ദുരന്തബാധിതര്‍ക്കുള്ള ചികിത്സയും ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്നവരുടെ ബില്ല് ഡിഎംഒക്ക് സമര്‍പ്പിക്കണം. ഡിഎംഒ തുക അനുവദിക്കും. 8 പ്രധാന റോഡുകള്‍, 4 പാലങ്ങള്‍ എന്നിവ നിര്‍മിക്കും. മൈക്രോപ്ലാന്‍ അനുസരിച്ച് ആയിരത്തിലേറെ കുടുംബങ്ങള്‍ക്ക് ജീവനോപാധി ഒരുക്കും. ഭക്ഷ്യ വസ്തുക്കൾ ലഭ്യമാക്കുന്നതിനായി 1000 രൂപയുടെ മാസക്കൂപ്പണ്‍ നൽകുമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home