തെന്നല ബാങ്കിലെ ലീഗ് തട്ടിപ്പ്: എട്ടാംപ്രതി അറസ്റ്റില്‍

നഫീസ
സ്വന്തം ലേഖകന്‍
Published on Sep 17, 2025, 07:52 AM | 1 min read
മലപ്പുറം: കോട്ടക്കല്‍ തെന്നല സഹകരണ ബാങ്കില്‍ മുസ്ലിംലീഗ് ഭരണസമിതി നടത്തിയ വായ്‌പാ തട്ടിപ്പുകേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എട്ടാംപ്രതി തെന്നല പൂക്കിപ്പറമ്പ് ഹൈസ്കൂള്‍ റോഡ് വാളക്കുളത്ത് കള്ളിയത്ത് വീട്ടില്‍ നഫീസ (41)യാണ് അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയുന്ന ഒന്നാംപ്രതിയും ബാങ്കിലെ അക്കൗണ്ടന്റുമായിരുന്ന ലീഗ് പ്രാദേശിക നേതാവ് കള്ളിയത്ത് മന്‍സൂറിന്റെ ഭാര്യയാണിവര്‍.
ചൊവ്വാഴ്ച വിശദമായ ചോദ്യംചെയ്യലിനുശേഷം മലപ്പുറം ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു. നഫീസയുടെ പേരിലുള്ള ഭൂമി ഈടുവച്ച് മൂന്ന് വായ്‌പകള്‍ ബാങ്കില്‍നിന്ന് എടുത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് രണ്ട് അംഗത്വവും ബാങ്കിലുണ്ട്.
ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേർന്ന് 2022മുതല്‍ നിക്ഷേപകര്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. തട്ടിപ്പ് പുറത്തായതോടെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും രാജിവച്ചു. പ്രതികളായ ബാങ്ക് പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ എൻ പി കുഞ്ഞുമൊയ്‌തീൻ, ഡയറക്ടർ ബോർഡ് അംഗം വി പി അലിഹസൻ, ജീവനക്കാരൻ നസീർ ചീരങ്ങൻ, മുൻ സെക്രട്ടറിമാരായ വാസുദേവൻ മുസത്, രത്നകുമാരി എന്നിവര്‍ നേരത്തെ ജാമ്യം നേടിയിരുന്നു. ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷകസംഘം.
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തൃശൂര്‍ റെയ്ഞ്ച് എസ്‌പി ജോസി ചെറിയാന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്‌പി പി എം രവീന്ദ്രനും സംഘവുമാണ് അന്വേഷണം നടത്തുന്നത്.









0 comments