തെന്നല ബാങ്ക് തട്ടിപ്പ്: മുസ്ലിംലീഗ് നേതാവ് റിമാൻഡിൽ

കോട്ടക്കൽ : മുസ്ലിംലീഗ് ഭരിച്ചിരുന്ന തെന്നല ബാങ്കിലെ സാന്പത്തിക തട്ടിപ്പുകേസിൽ ലീഗ് നേതാവ് റിമാൻഡിൽ. ബാങ്ക് മുൻ ഡയറക്‌ടർ ബോർഡ് അംഗം വാളക്കുളം പൂക്കിപ്പറമ്പ് ഞാറക്കാട്ട് മാട്ടാൻ എൻ എം സൈതലവി(55)യാണ് വ്യാജ ഒപ്പിട്ട് വായ്‌പാ തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിലായത്.
ബാങ്കിലെ നിക്ഷേപകനായ പരാതിക്കാരന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു നിക്ഷേപകന്റെ പേരിൽ 2009ൽ 50,000 രൂപയുടെ കാർഷികവായ്‌പ തട്ടിയെടുക്കുകയായിരുന്നു. ഗൾഫിലായിരുന്ന നിക്ഷേപകന്റെ പേരിലാണ് തട്ടിപ്പ്. ഇതിൽ 1,18,000 രൂപയുടെ ബാധ്യത വന്നതോടെയാണ് പൊലീസിൽ പരാതിയെത്തിയത്.
സെയ്‌തലവിയുടെ സുഹൃത്തായ ചെമ്പയിൽ മൊയ്തീൻ എന്നയാൾക്കാണ് അനധികൃതമായി വായ്‌പ അനുവദിച്ചത്. ഒന്നാംപ്രതിയായ ചെമ്പയിൽ മൊയ്തീൻ 2020ൽ മരിച്ചു.
മുസ്ലിംലീഗ് നേതാക്കളുടെ ബിനാമികൾക്ക് കോടിക്കണക്കിന് രൂപ വായ്‌പ അനുവദിച്ച് തിരികെ ലഭിക്കാതായതോടെയാണ് ബാങ്ക് സാമ്പത്തിക തകർച്ചയിലായത്. നിക്ഷേപ ഇനത്തിൽ 50 കോടിയിലധികം രൂപ നൽകാനുണ്ട്. പലിശയിനത്തിൽ നാലുകോടിയോളം രൂപ ലഭിക്കാനുണ്ട്. 2023ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 75 കോടിയോളം അറ്റനഷ്‌ടമാണ് ബാങ്കിന്. മാസങ്ങൾക്കുമുന്പ് ലീഗ് ഭരണസമിതി രാജിവച്ചതാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് നിലവിലുള്ളത്.
സാമ്പത്തിക തട്ടിപ്പിന് കേസെടുത്തതോടെ ലീഗ് നേതാക്കൾ അടക്കമുള്ളവർ മുൻകൂർ ജാമ്യംനേടിയിരുന്നു. തെന്നല പഞ്ചായത്ത് മുൻ പ്രസിഡന്റും ബാങ്ക് പ്രസിഡന്റുമായിരുന്ന എൻ പി കുഞ്ഞുമൊയ്‌തീൻ, ലീഗ് നേതാവും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന വി പി അലി ഹസൻ, ലീഗ് നേതാവും ബാങ്ക് ജീവനക്കാരനുമായിരുന്ന നസീർ ചീരങ്ങൻ, ബാങ്ക് മുൻ സെക്രട്ടറിമാരായ വാസുദേവൻ മൂസത്, രത്നകുമാരി എന്നിവരാണ് ഹൈക്കോടതിയിൽ ജാമ്യം നേടിയത്. കോട്ടക്കൽ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈതലവിയെ അറസ്റ്റ് ചെയ്തത്.









0 comments