ധൂർത്തടിച്ചുള്ള ജീവിതം; മോഷണം നടത്തിയെന്ന് സമ്മതിച്ച് റിജോ ആന്റണി

കൊച്ചി: ഭാര്യ നൽകിയ തുക ധൂർത്തടിച്ചതിനാൽ അത് തിരികെ വയ്ക്കാനാണ് മോഷണം നടത്തിയതെന്ന് ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ മോഷ്ടാവിന്റെ മൊഴി. ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ച് കളഞ്ഞു, ഒടുവിൽ ഭാര്യ നാട്ടിൽ വരുമെന്നായപ്പോൾ മോഷണത്തിറങ്ങി. കവർച്ചയുടെ കാരണമെന്തെന്ന് തിരക്കിയ പൊലീസിനോട് പിടിയിലായ ആശാരിക്കാട് സ്വദേശി റിജോ ആന്റണി പറഞ്ഞത് ഇങ്ങനെയായിരുന്നു.
പ്രതിയെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങൾ പലതും പൊലീസ് ഉപയോഗിച്ചു. ബാങ്കിലെ അക്കൗണ്ടുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. ഒടുവിൽ പ്രതി പ്രദേശവാസി തന്നെയെന്ന നിഗമനത്തിലായിരുന്നു പൊലീസ്. സ്വന്തം സ്കൂട്ടറിലാണ് ഇയാൾ മോഷണത്തിനെത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചത്. ബാങ്ക് കവർച്ചാക്കേസുകൾ അന്വേഷിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി ആയിരുന്നു പൊലീസിന്റെ അന്വേഷണം.
മോഷണം നടത്താൻ പ്രതി ഉപയോഗിച്ചത് സ്വന്തം ബൈക്ക് ആണ്. ഇതിന് വ്യാജ നമ്പറാണ് ഉണ്ടായിരുന്നത്. അതേസമയം, പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവിയും ഫോൺ കോളുമാണ്. പ്രതികുറ്റസമ്മതം നടത്തിയതായി റൂറൽ എസ്പി കൃഷ്ണകുമാർ പറഞ്ഞു. ചില കാര്യങ്ങളിൽ മൊഴിയിൽ വൈരുധ്യമുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഉണ്ടെന്നും പൊലീസ് പറഞ്ഞു. റിജോ ആൻ്റണിയുടെ കയ്യിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.








0 comments