കാട്ടുപന്നി പറപറക്കും; വേണുവിന്റെ ലേസർ ലൈറ്റ്‌ അടിച്ചാൽ

wild boar
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Jun 23, 2025, 02:16 AM | 1 min read

പത്തനംതിട്ട : അടൂർ പെരിങ്ങനാട്‌ പുത്തൻചന്തയിൽ മോട്ടോർ വൈൻഡിങ്‌ കട നടത്തുന്ന വേണുവിനെ അന്വേഷിച്ച്‌ കേരളത്തിന്റെ വിവിധ മേഖലയിൽനിന്നുള്ള കർഷകരെത്തുകയാണ്‌. കാട്ടുമൃഗങ്ങളിൽനിന്ന്‌ കൃഷി സംരക്ഷിക്കാൻ വേണു കണ്ടുപിടിച്ച ‘ലേസർലൈറ്റ്‌ തെറാപ്പി’ എല്ലാവർക്കും വേണം. സ്വന്തംമോട്ടോർ വൈൻഡിങ്‌ കടയിലെ അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ച്‌ വേണു നിർമിച്ച കറങ്ങുന്ന ലേസർ ലൈറ്റ്‌ സംവിധാനത്തെ ഭയന്ന്‌ കാട്ടുപന്നിയുൾപ്പെടെ കൃഷിയിടങ്ങളിലിറങ്ങില്ലെന്ന വാർത്തയിപ്പോൾ കേരളത്തിൽ പാട്ടാണ്‌. പെഡസ്‌റ്റൽ ഫാനിന്റെ സ്‌റ്റാൻഡിൽ ഘടിപ്പിച്ച മോട്ടോറിൽ കറങ്ങിത്തിരിയുന്ന ലേസർ ലൈറ്റുകളുടെ പ്രകാശംകണ്ണിലടിച്ച്‌ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ വഴിമാറിപ്പോകുകയാണെന്ന്‌ വേണു പറയുന്നു.


ഈ സംവിധാനത്തിന്റെ സഹായത്തോടെ തന്റെ ഒന്നരയേക്കറിൽ മൂന്നുവർഷമായി ചേനയും ചേമ്പും വാഴയുമെല്ലാം സുരക്ഷിതമായി കൃഷി ചെയ്യാനാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. അടൂർ കേന്ദ്രീയ വിദ്യാലയത്തിലെ ഉദ്യോഗസ്ഥയും ഭർത്താവും പുലർച്ചെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടുപന്നിയിടിച്ച്‌ അപകടത്തിൽപ്പെട്ടപ്പോൾ വേണുവാണ്‌ സഹായിക്കാനെത്തിയത്‌. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥ ഇപ്പോഴും ജോലിക്കുപോകാനാകാത്ത അവസ്ഥയിലാണ്‌. അന്നുമുതലാണ്‌ പന്നിയെ അകറ്റാൻ താൻപഠിച്ച തൊഴിലുപയോഗിച്ച്‌ ഒരു കണ്ടുപിടുത്തം നടത്താൻ പ്രേരിപ്പിച്ചത്‌. കോഴിക്കോട്‌, തൃശൂർ, പാലക്കാട്‌, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽനിന്ന്‌ തന്റെ കണ്ടുപിടുത്തത്തിന്‌ ഓർഡർ ലഭിക്കുന്നുണ്ടെന്നും അവർക്കെല്ലാം ഉണ്ടാക്കി നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാട്ടുപന്നി, ആന, കാട്ടുകോഴി, എലി തുടങ്ങിയവയെ അകറ്റാൻ ഇതിലൂടെ സാധിക്കുമെന്നും വേണു അവകാശപ്പെടുന്നു. വ്യാവസായികാടിസ്ഥാനത്തിൽ ഈ സംവിധാനം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌. സിപിഐ എം പെരിങ്ങാട്‌ ലോക്കൽ കമ്മിറ്റിയംഗവും പികെഎസ്‌ അടൂർ ഏരിയസെന്റർ അംഗവുമായ വേണു പള്ളിക്കൽ പഞ്ചായത്ത്‌ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home