print edition ഭൂപ്രശ്നങ്ങൾ ഇല്ലാത്ത 
സംസ്ഥാനമാക്കും: മന്ത്രി കെ രാജൻ

k rajan
വെബ് ഡെസ്ക്

Published on Oct 18, 2025, 12:10 AM | 1 min read

കൊച്ചി: കേരളത്തെ 2031-ഓടെ ഭൂപ്രശ്നങ്ങളില്ലാത്ത സംസ്ഥാനമാക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന് റവന്യുമന്ത്രി കെ രാജൻ. കളമശേരി കേരള സ്റ്റാർട്ടപ് മിഷൻ ഹബ്ബിൽ വിഷൻ 2031–സർവേയും ഭൂരേഖയും വകുപ്പിന്റെ സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "കേരളത്തിലെ ഭൂരേഖ ഭരണനിർവഹണത്തിന്റെ ആധുനികവൽക്കരണം: ദർശനവും, തന്ത്രപരമായ കർമരേഖയും' വിഷയത്തിൽ മന്ത്രി സംസാരിച്ചു. സർവേ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ 1666 വില്ലേജ് ഓഫീസുകളിലും ഓരോ സർവേയർമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.


എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ 2022ൽ ഡിജിറ്റൽ റീസർവേയുടെ നടപടികൾ സംസ്ഥാനത്ത് ആരംഭിച്ചു. സർവേ നടപടികൾ വേഗത്തിലാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി. 2031ൽ ഭൂരേഖകൾ ഏറ്റവും കൃത്യമാക്കുന്ന സ്ഥിതിയിലേക്ക്‌ കേരളത്തെ എത്തിക്കുകയാണ്‌ ആഗ്രഹം. ഭൂമിക്ക്‌ പരമ്പരാഗത രേഖകൾ അടിസ്ഥാനമാക്കിയുള്ള ഉടമസ്ഥാവകാശത്തിൽനിന്ന് സർക്കാർ ഉറപ്പുനൽകുന്ന അന്തിമമായ ഉടമസ്ഥാവകാശമാണ് ലക്ഷ്യം. ഇനിയൊരു റീസർവേ ഉണ്ടാകാത്തവിധം കേരളത്തെ രൂപപ്പെടുത്താനാണ്‌ ശ്രമം. കൈവശാവകാശങ്ങൾ സുരക്ഷിതമാക്കാൻ ബ്ലോക്ക് ചെയിൻ അടിസ്ഥാനത്തിലുള്ള "വൺ ടൈറ്റിൽ- വൺ ട്രൂത്ത്' സംവിധാനത്തിലൂടെ ഉടമസ്ഥാവകാശം, വിറ്റഴിക്കൽ, പാരമ്പര്യ കൈമാറ്റം, മ്യൂട്ടേഷൻ, രജിസ്ട്രേഷൻ തുടങ്ങിയ ഇടപാടുകളെല്ലാം ഡിജിറ്റലായി രേഖപ്പെടുത്താം. അതിർത്തിത്തർക്കങ്ങളില്ലാത്ത ഡിജിറ്റൽ വേലിയായി മാറുന്ന റീസർവേ രേഖകൾ വികസനത്തിനും ഭൂവുടമകൾക്കും പ്രയോജനപ്പെടുത്തുകയാണ്‌ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


ചടങ്ങിൽ റവന്യുവകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം അധ്യക്ഷനായി. "സർവേ വകുപ്പ്: ഒരു ദശാബ്ദകാലത്തെ നാഴികക്കല്ലുകൾ' വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. സർവേ, ഭൂരേഖ വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, റവന്യു ഡെപ്യൂട്ടി ഡയറക്ടർ അനു എസ് നായർ, തിരുവനന്തപുരം സ്മാർട്ട് സിറ്റി സിഇഒ രാഹുൽ കൃഷ്ണശർമ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home