അമ്മയ്ക്ക് സംരക്ഷണ തുക നൽകണമെന്ന വിധി ലംഘിച്ച മകനെ ജയിലിലടച്ചു

കാഞ്ഞങ്ങാട്: അമ്മയ്ക്ക് സംരക്ഷണ തുക നൽകണമെന്ന മെയിന്റനൻസ് ട്രൈബ്യൂണൽ വിധി ലംഘിച്ച മകനെ ജയിലിലടച്ചു. കാസർകോട് മലപ്പച്ചേരി വടുതലക്കുഴിയിലെ പ്രതീഷി(32)നെയാണ് ഹൊസ്ദുർഗ് സബ് ജയിലിൽ അടച്ചത്. കുടിശ്ശിക ഉൾപ്പെടെയുള്ള തുക അടയ്ക്കുന്നതുവരെ ജയിലിലടയ്ക്കാനാണ് ഉത്തരവ്.
പ്രതീഷിന്റെ അമ്മ കാഞ്ഞിരപ്പൊയിൽ ചോറുകോട്ടെ ഏലിയാമ്മ ജോസഫിന് പ്രതീഷ് പ്രതിമാസം 2000രൂപ സംരക്ഷണതുകയായി നൽകണമെന്ന് കാഞ്ഞങ്ങാട് മെയിന്റനസ് ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഈ തുക ലഭിക്കാതിരുന്നതിനെ തുടർന്ന് ഏലിയാമ്മ 2025ഏപ്രിൽ 24ന് ട്രൈബ്യൂണലിൽ ഹർജി നൽകി. 10ദിവസത്തിനകം തുക നൽകാൻ മടിക്കൈ വില്ലേജ് ഓഫീസർ മുഖേന പ്രതീഷിന് നോട്ടീസ് നൽകി. തുക അടക്കാത്തതിനാൽ മെയിന്റനൻസ് ട്രൈബ്യൂണൽ വാറണ്ട് അയച്ചു.
ജൂൺ 4ന് പൊലീസ് പ്രതീഷിനെ അറസ്റ്റ് ചെയ്ത് ട്രൈബ്യൂണൽ മുമ്പാകെ ഹാജരാക്കി. പണം നൽകാൻ സാധിക്കില്ലെന്നും അമ്മയെ തന്റെ സഹോദരി സംരക്ഷിക്കുന്നില്ലെന്നും പ്രതീഷ് അറിയിച്ചു. എന്നാൽ പ്രതീഷിന്റെ വാദം തള്ളിയ ട്രൈബ്യൂണൽ കേസ് ജൂലൈ 10ലേക്ക് മാറ്റി. അന്ന് നടന്ന വിചാരണയിൽ പരാതിക്കാരിയും എതിർ കക്ഷിയും ഹാജരായെങ്കിലും തുക നൽകാൻ വിസമ്മതിച്ചു. ജൂലൈ 31നകം ഒരു ഗഡു നൽകാൻ ട്രൈബ്യൂണൽ ഉത്തരവിട്ടെങ്കിലും ഏലിയാമ്മയ്ക്ക് തുക കിട്ടിയില്ല. ഇതോടെ ആഗസ്റ്റ് 12ന് ഏലിയാമ്മ വീണ്ടും ട്രൈബ്യൂണലിൽ പരാതി നൽകി. ചൊവ്വാഴ്ച കേസ് പരിഗണിച്ച ട്രൈബ്യൂണൽ പ്രതീഷിനെ ആറ് മാസത്തെ കുടിശ്ശികയായ 12000രൂപ നൽകുന്നതുവരെ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണനിയമം 2007 വകുപ്പ് 5(8),ബി എൻ എസ് എസ് 144എന്നീ നിയമപ്രകാരമാണ് പ്രതീഷിനെ ജയിലിലടച്ചത്.









0 comments