പത്തനംതിട്ട കല്ലറക്കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കല്ലറക്കടവിൽ (അച്ചൻകോവിലാർ) ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് വിദ്യാർഥികളും മരിച്ചു. കാണാതായ വഞ്ചികപ്പൊയ്‌ക ഓലിയ്‌ക്കൽ നബീൽ നിസാമിന്റെ മൃതദേഹം കണ്ടെത്തി. ഒപ്പം കാണാതായ അജ്സലിന്റെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഇരുവരും ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഓണപ്പരീക്ഷ കഴിഞ്ഞ് എട്ടുപേരടങ്ങുന്ന വിദ്യാർഥി സംഘമാണ് കല്ലറക്കടവിലെത്തിയത്. സ്കൂളിൽനിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികൾ ആറ്റിലിറങ്ങുകയായിരുന്നു. തടയണയുടെ മുകൾ ഭാഗത്തുനിന്ന് കാൽവഴുകി താഴേക്ക് ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.
അച്ചൻകോവിലാറ്റിലെ ഓഴുക്ക് വർധിച്ചതോടെ രാത്രി ഏഴോടെ തെരച്ചിൽ നിർത്തിയിരുന്നു. വ്യാഴാഴ്‌ച രാവിലെ നടത്തിയ തെരച്ചിലിലാണ് നബീലിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്‌സലിന്റെ മൃതദേഹം പോസ്‌റ്റ് മോർട്ടത്തിനുശേഷം ബുധൻ രാവിലെ പത്തോടെ സ്‌കൂളിൽ പൊതുദർശനം നടത്തി.









0 comments