ഒറ്റദിവസം: 590 കിലോ മീറ്റർ കടലോരം പ്ലാസ്‌റ്റിക് മുക്തമാകും
‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടം 11ന്

തിരൂർ പറവണ്ണ ബീച്ച്

സ്വന്തം ലേഖകൻ
Published on Apr 01, 2025, 03:01 PM | 1 min read
തിരുവനന്തപുരം : കടലും കടലോരവും പ്ലാസ്‌റ്റിക് മുക്തമാക്കാൻ ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 11ന് തുടക്കമാകും. ഒറ്റ ദിവസംകൊണ്ട് കേരളത്തിലെ 590 കിലോ മീറ്റർ തീരത്തെ പ്ലാസ്റ്റിക് നീക്കാൻ ലക്ഷ്യമിടുന്ന ഏകദിന പ്ലാസ്‌റ്റിക് നിർമാർജന യജ്ഞം 11ന് നടക്കും. ഓരോ കിലോമീറ്ററിലും 25 സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ 483 ആക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് പ്ലാസ്‌റ്റിക് ശേഖരിക്കുക.
ഓരോ ആക്ഷൻഗ്രൂപ്പും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സംഭരിച്ച് ക്ലീൻകേരള കമ്പനി, ശുചിത്വ മിഷൻ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരുടെ ചുമതലയിൽ ഷ്രെഡിങ് യൂണിറ്റുകളിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കും. തുടർന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ 1200 കേന്ദ്രങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും.
കേരളത്തിന്റെ തെക്ക് കൊല്ലങ്കോട് മുതൽ വടക്ക് മഞ്ചേശ്വരം വരെയുള്ള തീരത്ത് രാവിലെ ഏഴിന് ആക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനം ആരംഭിക്കും. പൊതുജനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ, പരിസ്ഥിതി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമ സംഘടനകൾ, സാംസ്‌കാരിക, സാമുദായിക സംഘടനകൾ, മാധ്യമങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവർ പരിപാടിയുടെ ഭാഗമാകും.
മൂന്നു ഘട്ടമായി നടപ്പാക്കുന്ന ക്യാമ്പയിന്റെ ഒന്നാംഘട്ടം 2022 ജൂൺ ഏട്ടിനാണ് ആരംഭിച്ചത്. വിവിധ രീതിയിലുള്ള ബോധവൽക്കരണ ക്യാമ്പയിനാണ് ആദ്യ ഘട്ടത്തിൽ സംഘടിപ്പിച്ചത്. ഹാർബറുകൾ കേന്ദ്രീകരിച്ച് കടലിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യ ശേഖരണവും പുനരുപയോഗവും തുടർക്യാമ്പയിനും ആണ് മൂന്നാംഘട്ടം.
പ്ലാസ്റ്റിക് മുക്ത കടലോര ക്യാമ്പയിനിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്ന ജില്ലയ്‌ക്ക് മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും. ഒമ്പത് മറൈൻ ജില്ലകളിൽനിന്ന് മികച്ച പ്രവർത്തനം നടത്തുന്ന രണ്ട് പഞ്ചായത്തുകൾക്ക് എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡും നൽകും.









0 comments