ശിൽപ്പപാളിയിലെ ജാള്യം മറയ്‌ക്കാൻ ആചാരലംഘന ആരോപണം; പിന്നിൽ സംഘപരിവാർ

പത്തനംതിട്ട : ശബരിമല ശിൽപ്പപാളി വിഷയത്തിൽ സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യം മറയ്‌ക്കാൻ ആചാര ലംഘനക്കഥയുമായി സംഘപരിവാർ, മാധ്യമക്കൂട്ടം. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ അഷ്‌ടമിരോഹിണി വള്ളസദ്യയിൽ ആചാരം ലംഘിച്ച് മന്ത്രിക്ക് സദ്യനൽകിയെന്നാണ് പുതിയ ആരോപണം.
മുഖ്യാതിഥി ദേവസ്വംമന്ത്രി വി എൻ വാസവനടക്കം വിശിഷ്‌ടാതിഥികൾ രാവിലെ പത്തരയോടെയാണ് ക്ഷേത്രത്തിൽ എത്തിയത്. 11നാണ് ചടങ്ങ് തുടങ്ങുകയെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതിനാൽ ദേവസ്വം ഓഫീസിൽ കാത്തിരുന്നു. പിന്നീട് കൊടിമരച്ചുവട്ടിൽ എത്തി എല്ലാവരും ചേർന്ന് വിഭവങ്ങൾ വിളമ്പി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ ഉൾപ്പെടെ ഭാരവാഹികളാണ് വിഭവങ്ങൾ വിളന്പാൻ നേതൃത്വം നൽകിയത്. മേൽശാന്തി ശ്രീകോവിലിനുള്ളിൽ സദ്യ നേദിച്ച് ചടങ്ങുകൾ പൂർത്തിയാക്കി. തുടർന്ന് മന്ത്രിയും പള്ളിയോട സേവാസംഘം ഭാരവാഹികളും വള്ളക്കടവിലെത്തി കരക്കാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. സംഘാടകരുടെ അഭ്യർഥന മാനിച്ചാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യ ഉണ്ടത്. ബിജെപി ജില്ലാ, സംസ്ഥാന നേതാക്കളും അവിടെയുണ്ടായിരുന്നു. ചടങ്ങ് നടന്നത് സെപ്തംബർ 14നാണ്. അതുകഴിഞ്ഞ് 31 ദിവസം പിന്നിട്ടു. വസ്‌തുത ഇതായിരിക്കെയാണ് ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സംഘപരിവാർ സംഘടനകളുടെ കള്ളപ്രചാരണം.
വിവാദത്തിനുപിന്നിൽ ഗൂഢാലോചന അഷ്‌ടമിരോഹിണി വള്ളസദ്യയുടെ പേരിൽ ആചാരലംഘന വിവാദമുയർത്തിയതിനു പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബദേവൻ. ചടങ്ങുകൾ കഴിഞ്ഞ് ഒരുമാസത്തിനുശേഷം ഇത് വിവാദമാക്കുന്നതിൽ ദുരൂഹതയുണ്ട്. ദേവസ്വംമന്ത്രി പങ്കെടുത്തത് ആചാരപരമായ വള്ളസദ്യയിലല്ല. അതിഥികൾക്ക് മാത്രമായി വിളന്പിയ സദ്യയിലാണ്. മുന്പും അതിഥികൾക്കായി ഊട്ടുപുരയിൽ സദ്യ നൽകിയിട്ടുണ്ട്– പതിറ്റാണ്ടുകളായി പള്ളിയോട സേവാസംഘത്തിന്റെ പ്രസിഡന്റായ അദ്ദേഹം വ്യക്തമാക്കി.









0 comments