സ്വകാര്യ സര്‍വകലാശാല ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിയ്ക്ക് അയച്ചു

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ, സർവകലാശാല നിയമഭേദഗതി ബിൽ എന്നിവ മന്ത്രി ആർ ബിന്ദു നിയമസഭയിൽ അവതരിപ്പിച്ചു. ബില്ലുകൾ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കയച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് മുൻഗണന നൽകുന്ന സ്വകാര്യ സർവകലാശാല ബില്ലിൽ 40 ശതമാനം സീറ്റുകൾ സംസ്ഥാനത്തെ വിദ്യാർഥികൾക്ക് സംവരണം ചെയ്യുമെന്നും സംസ്ഥാന സർവകലാശാലകളിലെ സംവരണതത്വം സ്വകാര്യ സർവകലാശാലയ്ക്ക് ബാധകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഫീസിളവ്, സ്കോളർഷിപ്പ് എന്നിവ നടപ്പിലാക്കുന്നതിനൊപ്പം വിദ്യാർഥികളുടെ പരാതി പരിഹരിക്കാൻ പ്രത്യേക സമിതി എന്നിവയും നിഷ്‌കർഷിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമായ സമയങ്ങളിൽ സർക്കാരിന് ഇടപ്പെടാനുള്ള അവസരവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ സർവകലാശാലകൾക്കായുള്ള അപേക്ഷകൾ ഉന്നതവിദ്യാഭ്യാസ വിദഗ്ധന്റെ അധ്യക്ഷതയിലുള്ള സമിതി പരിശോധിച്ചാണ് സർക്കാരിലേക്ക് സമർപ്പിക്കുക. സർക്കാരിൽനിന്ന് നിരാക്ഷേപ പത്രം (എൻഒസി) ലഭിച്ചാലേ പ്രവർത്തിക്കാനാകു.
സംസ്ഥാനത്തെ സർവകലാശാലകളുടെ അക്കാദമികതലത്തിലെ മാറ്റങ്ങളാണ് സർവകലാശാല നിയമഭേദഗതി ബില്ലിന്റെ ഉള്ളടക്കം. സിൻഡിക്കറ്റ്, സെനറ്റ്, ബോർഡ് ഓഫ് ഗവേണൻസ് തുടങ്ങിയ ഭരണ സംവിധാനങ്ങൾ കൂടുതൽ ജനാധിപത്യപരമാക്കുന്ന നിർദേശങ്ങളാണ് ബില്ലിലുള്ളത്. കേരള, എംജി, കണ്ണൂർ, കാലടി, കലിക്കറ്റ് സർവകലാശാലകളുമായി ബന്ധപ്പെട്ട നിയമഭേദഗതി ബില്ലാണ് തിങ്കളാഴ്ച സഭയിൽ അവതരിപ്പിച്ചത്. കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുമായി ബന്ധപ്പെട്ട സർവകലാശാല നിയമഭേദഗതി ബിൽ രണ്ട് 20ന് അവതരിപ്പിക്കാൻ മാറ്റിവച്ചു.









0 comments