മാറാട്, ശിവഗിരി റിപ്പോർട്ടുകൾ വർഷങ്ങൾക്ക് മുമ്പ് പുറത്തുവിട്ടവ; ആന്റണിയുടെ വാക്കുകൾ പാളി

തിരുവനന്തപുരം: യുഡിഎഫ് കാലത്തെ പൊലീസ് വേട്ടകളിൽ കൈകഴുകാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി നടത്തിയ ശ്രമങ്ങൾ പൊളിച്ച് സോഷ്യൽ മീഡിയ. പൊലീസ് വേട്ടകളിൽ പഴി തനിക്ക് മാത്രമായെന്ന് വിലപിച്ച്, പുറത്ത് വിടണമെന്ന് എ കെ ആന്റണി വാർത്താസമ്മേളനത്തിൽ ഉന്നയിച്ച റിപ്പോർട്ടുകൾ വർഷങ്ങൾക്ക് മുമ്പ് തന്നെ പുറത്തുവിട്ടവയാണ്.
മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് വി ഭാസ്കരൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്നാണ് ആന്റണി ആവശ്യപ്പെട്ടത്. ഇതിൽ മാറാടിലെയും ശിവഗരിയിലെയും റിപ്പോർട്ടുകൾ നിയമസഭയുടെ വെബ്സൈറ്റിൽ ആർക്കും കാണാവുന്ന വിധം ഉണ്ട്. മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ട് 2004 ആഗസത് 16ന് ഹൈക്കോടതിയിലാണ് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പുകൾ സഹിതം പലരും സോഷ്യൽ മീഡയിൽ പങ്കുവെച്ചു.
നിയമസഭയിൽ കഴിഞ്ഞ ദിവസം വന്ന ചർച്ചയിൽ യുഡിഎഫ് അംഗങ്ങൾ തന്നെ സംരക്ഷിക്കാൻ തയ്യാറായില്ലെന്ന് പരാതിപ്പെട്ട ശേഷമാണ് മുത്തങ്ങ, ശിവഗിരി റിപ്പോർട്ടുകൾ ആന്റണി ആവശ്യപ്പെട്ടത്. 21 വർഷമായി കേരള രാഷ്ട്രീയത്തിൽ ഇല്ലാത്ത തനിക്കുവേണ്ടി ആരും പറയാത്തതുകൊണ്ടാണ് ഇപ്പോൾ വാർത്താസമ്മേളനം വിളിച്ചത് എന്ന് പറഞ്ഞ ആന്റണി ജീവിച്ചിരുന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മറുപടി പറയാമെന്നാണ് കരുതിയതെന്നും എന്നാൽ ഇപ്പോൾ മറുപടി പറയേണ്ടി വന്നെന്നും പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് സമവായങ്ങളും ഉൾപാർടി രാഷ്ട്രീയവും ചർച്ചയാവുന്ന വേളയിൽ ആന്റണി രാഷ്ട്രീയമായി ഒറ്റപ്പെട്ടെന്ന് കാണിക്കൽ മാത്രമായി വാർത്താസമ്മേളനം ഒതുങ്ങി.








0 comments