ബിജെപിയിൽ പ്രവർത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണി: മന്ത്രി വി ശിവൻകുട്ടി

മന്ത്രി വി ശിവൻകുട്ടി ആർഎസ്എസ് പ്രവർത്തകനായ ആനന്ദ് കെ തമ്പിയുടെ വീട് സന്ദർശിച്ചപ്പോൾ.
തിരുവനന്തപുരം: ബിജെപിയിലും ആർഎസ്എസിലും പ്രവർത്തിക്കുന്നവരുടെ ജീവന് അവരുടെ പ്രസ്ഥാനം തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആർഎസ്എസ്, ബിജെപി നേതാക്കളുടെ ലൈംഗിക പീഡനങ്ങളും സാമ്പത്തിക തിരിമറികളും മണ്ണ് മാഫിയാ ബന്ധങ്ങളും പൊതുസമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുകയാണ്.
കുറച്ചു മാസങ്ങൾക്കുള്ളിൽ ആത്മഹത്യ ചെയ്ത ബിജെപി, ആർഎസ്എസ് പ്രവർത്തകർ നേതൃത്വത്തിനെതിരെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കോട്ടയം എലിക്കുളം സ്വദേശി അനന്തു ആത്മഹത്യ ചെയ്തത്, ആർഎസ്എസ് ക്യാമ്പുകളിൽ നേരിട്ട ലൈംഗിക പീഡനങ്ങളെത്തുടർന്നാണ്. തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ കൗൺസിലറുമായിരുന്ന തിരുമല അനിലിന്റെ ആത്മഹത്യ വലിയ വിവാദമായിരുന്നു. പ്രതിസന്ധിയിൽ പാർട്ടി ഒറ്റപ്പെടുത്തിയെന്നുമുള്ള ആത്മഹത്യാക്കുറിപ്പിലെ പരാമർശം, ബിജെപി നേതൃത്വത്തിന്റെ പ്രവർത്തകരോടുള്ള സമീപനം വ്യക്തമാക്കുന്നു. ഈ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് ആർഎസ്എസ്. പ്രവർത്തകനായ ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തത്. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിലും, പാർട്ടി നേതാക്കളുടെ മണ്ണ് മാഫിയാ ബന്ധങ്ങളിലുമുള്ള പ്രതിഷേധം അറിയിച്ചുകൊണ്ടാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
ബിജെപിയുടെ ജീർണിച്ച നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തിരുവനന്തപുരം കോർപറേഷനിൽ അടക്കം ബിജെപിക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പാണ്. വർഗീയതയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.









0 comments