മണ്ഡല മകരവിളക്ക് ഉത്സവം; ശബരിമല നട തുറന്നു

ഫയൽ ചിത്രം
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്നത്. മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലിൽനിന്നുള്ള ദീപംകൊണ്ട് ആഴി ജ്വലിപ്പിക്കും. ഇവിടെ ഇരുമുടിക്കെട്ടേന്തി കാത്തുനിൽക്കുന്ന നിയുക്ത മേൽശാന്തിമാരെ അദ്ദേഹം കൈപിടിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.30ഓടെ സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകംചെയ്‌ത് അവരോധിക്കും. മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങുമുണ്ട്. അന്നേദിവസം പൂജകളില്ല.
തിങ്കൾ പുലർച്ചെ മൂന്നിന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ തീർഥാടനത്തിന് തുടക്കമാകും. ദിവസവും പുലർച്ചെ മൂന്നുമുതൽ ഉച്ചയ്‌ക്ക് ഒന്നുവരെയും വൈകിട്ട് മൂന്നുമുതൽ രാത്രി 11 വരെയുമാണ് ദർശനം.
ഡിസംബർ 26-ന് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. 27-ന് മണ്ഡലപൂജ. അന്ന് രാത്രി നട അടയ്‌ക്കുന്നതോടെ മണ്ഡലകാല തീർഥാടനം സമാപിക്കും. 30-ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. 19 വരെ തീർഥാടകർക്ക് ദർശനം നടത്താം. 20-ന് രാവിലെ പന്തളം കൊട്ടാരം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നടയടയ്‌ക്കും.
ദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാണ്. www.sabarimalaonline.org എന്നതാണ് വെബ്സൈറ്റ്. പ്രതിദിനം 70,000 പേർക്ക് ഓൺലൈനിൽ ബുക്കുചെയ്യാം. പമ്പ, നിലയ്‌ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ സത്രം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് സൗകര്യമുണ്ട്. നിലയ്‌ക്കലും പമ്പയിലും സന്നിധാനത്തും അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്നു.









0 comments