എസ്ഐആർ: ബിഎൽഒമാരെ ഇനിയും കൊലയ്ക്ക് കൊടുക്കരുതെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: അനീഷ് ജോർജുമാരെ പോലെയുള്ള ബിഎൽഒമാരെ ഇനിയും കൊലയ്ക്ക് കൊടുക്കാതെ കേരളത്തിലെ എസ്ഐആർ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അടിയന്തരമായി നീട്ടിവയ്‌ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വോട്ടർപട്ടികയുടെ തീവ്ര പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഓഫീസർ ജോലിഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത സംഭവം കമീഷന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ഘട്ടത്തിൽ കേരളത്തിൽ തീവ്ര പരിശോധനയും അടിച്ചേൽപ്പിച്ച് ഉദ്യോഗസ്ഥ സംവിധാനത്തിന്റെമേൽ കമീഷൻ ചെലുത്തിയ താങ്ങാനാവാത്ത സമ്മർദമാണ് അനീഷ് ജോർജ് ജീവനൊടുക്കാൻ കാരണമായത്. കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥപ്പണി ഏറ്റെടുത്ത ഇലക്ഷൻ കമീഷന്റെ നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നത് ആ കക്ഷിയുടെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങളാണ്. അതിന്റെ കേരളത്തിലെ ആദ്യത്തെ ബലിയാടാണ് അനീഷ് ജോർജെന്നും ബിനോയ് വിശ്വം പ്രസ്‌താവനയിൽ പറഞ്ഞു. എസ്ഐആർ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിവയ്‌ക്കണമെന്ന്കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അദ്ദേഹം കത്തയച്ചു.









0 comments