പത്ത് വർഷം: തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ചത് 1,23,174.32 കോടിരൂപ


റഷീദ് ആനപ്പുറം
Published on Nov 13, 2025, 02:36 PM | 3 min read
നവകേരളം രൂപപ്പെടുത്തുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. അധികാര വികേന്ദ്രീകരണം നടപ്പാക്കിയതോടെ നാടിന്റെ വികസനത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വലിയ മുന്നേറ്റമാണ് നടത്തിയത്. പ്രളയ പുനർനിർമിതിയിൽ വലിയ പങ്ക് വഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞത് അധികാര വികേന്ദ്രീകരണത്തിലൂടെ ലഭിച്ച മുൻകൈയാണ്.
തിരുവനന്തപുരം : താഴെതട്ടിൽ വികസനവും ക്ഷേമവും ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ അനുവദിച്ചത് 1,23,174.32 കോടിരൂപ. ആദ്യ പിണറായി സർക്കാരിന്റെ ആദ്യ സാമ്പത്തിക വർഷമായ 2016–2017 മുതൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന സാമ്പത്തിക വർഷമായ 2025–2026 വരെയുള്ള കാലയളവിലാണ് ഇത്രയും തുക അനുവദിച്ചത്. ഇതിൽ 74,353.5 കോടിരൂപ വികസന ഫണ്ടാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് പ്രവർത്തനങ്ങൾക്കുള്ള ജനറൽ പർപ്പസ് ഫണ്ട് 18,530.35 കോടിരൂപയും മെയിന്റനൻസ് ഫണ്ട് 30,290.47 കോടിരൂപയുമാണ്. യുഡിഎഫ് സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചതിന്റെ ഇരട്ടിയോളം വരുമിത്. 2011–12 മുതൽ നിലവിലെ 2025–26 സാന്പത്തിക വർഷംവരെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഉപാധിരഹിത ഫണ്ട് അനുവദിച്ചതിന്റെ പ്ലാനിംഗ് ബോർഡ് റിപ്പോർട്ടിലെ കണക്കാണിത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുന്നതിനിടെയാണ് തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ ഫണ്ട് അനുവദിച്ച് സംസ്ഥാന സർക്കാർ ചേർത്ത് നിർത്തുന്നത്.
സംസ്ഥാന പദ്ധതി അടങ്കലിലും പത്തു വർഷത്തിനിടെ വലിയ വർധനവ് കാണാം. യുഡിഎഫ് ഭരിച്ച 2011–2016 ൽ സംസ്ഥാന പദ്ധതി അടങ്കൽ 82,040 കോടിരൂപയായിരുന്നു. എന്നാൽ ആദ്യ പിണറായി സർക്കാരിന്റെ 2016–2021 കാലത്ത് ഇൗ തുക 1,37,870 കോടിരൂപയായി വർധിച്ചു. നിലവിലെ സർക്കാരിന്റെ കാലത്ത് പദ്ധതി അടങ്കൽ 1,51,220 കോടി രൂപയാണ്.
വികസന ഫണ്ട് | 74,353.5 കോടി |
ജനറൽ പർപ്പസ് ഫണ്ട് | 18,530.35 കോടി |
മെയിന്റനൻസ് ഫണ്ട് | 30,290.47 കോടി |
തദ്ദേശഭരണ സ്ഥാപനങ്ങൾ പദ്ധതി പ്രവർത്തനം നിർവഹിക്കുന്നത് വികസന ഫണ്ട് ഉപയോഗിച്ചാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇൗ ഫണ്ടിൽ വലിയ വർധനവാണുള്ളത്. കേരളം വിറങ്ങലിച്ച പ്രളയകാലത്തും കോവിഡ് കാലത്തും ഇൗ തുകയിൽ കുറവ് വരുത്തിയിട്ടില്ല. കണക്കുകൾ ഇതിന് തെളിവാണ്. യുഡിഎഫ് സർക്കാരിന്റെ അവസാന സാമ്പത്തിക വർഷമായ 2015–2016ൽ 4798.73കോടി രൂപയായിരുന്നു വികസന ഫണ്ട്. എന്നാൽ എൽഡിഎഫ് അധികാരത്തിൽ വന്ന് തൊട്ടടുത്ത വർഷം ഇത് 5500 കോടിരൂപയായി. ഇൗ തുക പിന്നീട് പടിപടിയായി വർധിച്ച് നിലവിലെ സാമ്പത്തിക വർഷം (2025–2026) 9215 കോടിരൂപയായി വർധിച്ചു. മഹാപ്രളയകാലത്ത് (2018–2019) 7000 കോടിരൂപയായിരുന്നു തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ തനത് പ്രവർത്തനം നിർവഹിക്കുക നികുതി ഉൾപ്പെടെയുള്ള സ്വന്തമായി സ്വരൂപിക്കുന്ന ഫണ്ടിൽനിന്നാണ്. ഇതോടൊപ്പം ബജറ്റ് വിഹിതമായി സർക്കാരും ഒരു ഫണ്ട് നൽകും. ജനറൽ പർപ്പസ് ഫണ്ട് എന്നാണ് അവ അറിയപ്പെടുന്നത്. 2016–2021ൽ യുഡിഎഫ് സർക്കാർ ജനറൽ പർപ്പസ് ഫണ്ടായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ചത് 4424.997 കോടിരൂപായിരുന്നു. എന്നാൽ പിന്നീട് വന്ന എൽഡിഎഫ് സർക്കാർ ഇത് 7367.82 കോടി രൂപയായും നിലവിലെ സർക്കാർ 11,162.53 കോടി രൂപയായും വർധിപ്പിച്ചു.
അധികാര വികേന്ദ്രീകരണത്തിന്റെ ഭഗമായി സംസ്ഥാന സർക്കാർ നിരവധി സ്ഥാപനങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് വിട്ടു അനുവദിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സ്‌കൂൾ, ആശുപത്രികൾ തുടങ്ങിയവ. ഇവയുടെ അറ്റകുറ്റപ്പണിയും തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. തദ്ദേശഭരണസ്ഥാപനങ്ങളുടെ അധികാര പരിധിയിലുള്ള റോഡുകളുടെയും. അതിനായി സർക്കാർ ബജറ്റ് വിഹിതമായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്നതാണ് മെയിന്റനൻസ് ഫണ്ട്. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും മുഖം മിനുക്കുന്നതിൽ ഇൗ ഫണ്ടിന് വലിയ പ്രാധാന്യമുണ്ട്. മെയിന്റനൻസ് ഫണ്ട് എടുത്താലും കഴിഞ്ഞ പത്ത് വർഷത്തിനിടെ വലിയ കുതിച്ചുചാട്ടം കാണാം. ആകെ അനുവദിച്ചത് 30,290.47 കോടിരൂപ. ഇതിൽ 19,603.78 കോടിരൂപ റോഡ് മെയിന്റൻസ് ഫണ്ടും 10686.69 കോടിരൂപ നോൺ മെയിന്റനൻസ് ഫണ്ടുമാണ്.
യുഡിഎഫ്, എൽഡിഎഫ് സർക്കാരുകൾ അനുവദിച്ചത് (കോടിരൂപയിൽ )
യുഡിഎഫ് (2011–2016) | എൽഡിഎഫ് (2016–2021) | എൽഡിഎഫ് (2021–2026) | |
പദ്ധതി അടങ്കൽ | 82040 | 137870 | 151220 |
വികസന ഫണ്ട് | 18904.75 | 33130.5 | 41223 |
ജനറൽ പർപ്പസ് ഫണ്ട് | 4424.997 | 7367.82 | 11161.9 |
മെയിന്റനൻസ് ഫണ്ട് | 6375.99 | 12150.06 | 18140.41 |
2011–2016ലെ യുഡിഎഫ് സർക്കാർ മെയിന്റൻസ് ഗ്രാന്റായി അഞ്ചുവർഷം അനുവദിച്ചത് 6375.99 കോടി രൂപയായിരുന്നു. എന്നാൽ 2016–2021 ലെ ആദ്യ പിണറായി സർക്കാർ 12150.06 കോടിരൂപയും നിലവിലെ സർക്കാർ 18140.41 കോടി രൂപയുമായി വർധിപ്പിച്ചു.
നവകേരളം രൂപപ്പെടുത്തുന്നതിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക് വലുതാണ്. അധികാര വികേന്ദ്രീകരണം നടപ്പാക്കിയതോടെ നാടിന്റെ വികസനത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ വലിയ മുന്നേറ്റമാണ് നടത്തിയത്. പ്രളയ പുനർനിർമിതിയിൽ വലിയ പങ്ക് വഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞത് അധികാര വികേന്ദ്രീകരണത്തിലൂടെ ലഭിച്ച മുൻകൈയാണ്. കോവിഡ് കാലത്ത് സമൂഹ അടുക്കള പോലെ ലോകം ശ്രദ്ധിച്ച പ്രവർത്തനവും ലൈഫ് മിഷനിലൂടെ നാലര ലക്ഷം പേർക്ക് വീട് അനുവദിച്ചതും അതിദാരിദ്ര്യ നിർമാർജന പദ്ധതി വിജയിപ്പിച്ചതും ഇൗ കരുത്തിൽനിന്നാണ്. സർക്കാർ ആവശ്യത്തിന് സാമ്പത്തികമായി പിന്തുണച്ചത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആത്മവിശ്വാസം കൂട്ടി.









0 comments