ആദ്യമായാണ് ഒരു സംസ്ഥാനം ഭേദഗതി പാസാക്കുന്നത്‌

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ

cabinet
വെബ് ഡെസ്ക്

Published on Sep 13, 2025, 02:17 PM | 3 min read

തിരുവനന്തപുരം: ജനവാസമേഖലയിലിറങ്ങുന്ന ഏതെങ്കിലും വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ അതിനെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഒരു ഭേദഗതി കൊണ്ടുവരുന്നത്.


നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെയും അപ്രായോഗികവും കാലതാമസം വരുത്തുന്നതുമായ നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ ഇത് സാധ്യമാക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ സംരക്ഷിക്കപ്പെടേണ്ട ജീവികളെ സംരക്ഷിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.


വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാല്‍ ബന്ധപ്പെട്ട ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങള്‍ക്ക് വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാവുന്നതാണ്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അത്തരം വന്യജീവിയെ ആര്‍ക്ക് വേണെമെങ്കിലും ഏതു വിധത്തിലും കൊല്ലാവുന്നതാണ്. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസ്സമുണ്ടാകുന്നതല്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിവേദനങ്ങള്‍ വഴിയും സംസ്ഥാന നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സര്‍ക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കയില്ല. അതിനാല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്മാരായി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ക്ക് വിധേയമായി കൊന്ന് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയുമാണ്.


കേന്ദ്ര നിയമവും കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച അപ്രായോഗികമായ ചില പ്രധാന വ്യവസ്ഥകളുമാണ് അടിയന്തര ഘട്ടത്തില്‍ പോലും അപകടകാരിയായ ഒരു വന്യമൃഗത്തെ കൊല്ലുന്നതിന് തടസ്സമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ബില്‍ കൊണ്ടുവന്നത്.

കടുവ/പുലി/ആന എന്നിവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍:


1. കടുവ / പുലി ഇറങ്ങിയാല്‍ ആദ്യപടി എന്ന നിലയില്‍ ഒരു ആറംഗ സമിതി രൂപീകരിക്കണം. ഇതില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് പുറമെ എൻടിസിഎ-യുടെ പ്രതിനിധി, മൃഗഡോക്ടര്‍, പ്രദേശത്തെ എൻജിഒ പ്രതിനിധി, പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധി, ഡിഎ-ഫ്‌ഒ തുടങ്ങിയവര്‍ ഉണ്ടായിരിക്കണം. അതായത് ഇതൊരു സ്ഥിരം സമിതി ആയി രൂപീകരിക്കാന്‍ പറ്റില്ല. വന്യജീവി ആക്രമണം നടന്ന സ്ഥലത്തെ പ്രതിനിധി, പ്രദേശത്തെ പഞ്ചായത്ത് പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തി സംഭവസ്ഥലത്ത് രൂപീകരിക്കേണ്ടതാണ്.


2. ക്യാമറ വച്ച് അതില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ച് ആക്രമണം നടത്തിയ വന്യമൃഗത്തെ തിരിച്ചറിയാന്‍ നടപടി സ്വീകരിക്കണം.


3. പ്രദേശത്ത് കന്നുകാലികള്‍ക്ക് ഉണ്ടായിട്ടുള്ള പരിക്ക്, ഗുരുതരമായ ഏറ്റുമുട്ടല്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉണ്ടെങ്കില്‍ അവ, കൂടാതെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം എന്നിവ നിശ്ചയിക്കുന്നതിന് ഒരു വിശദമായ ഗവേഷണവും നടത്തണം.


4. മനുഷ്യനും വളര്‍ത്തുമൃഗങ്ങള്‍ക്കും പരിക്ക്, പരസ്പരം ഏറ്റുമുട്ടല്‍ എന്നിവ ഉറപ്പ് വരുത്തിയാല്‍ ഓട്ടോമാറ്റിക് വാതിലുള്ള കെണി (കൂട്) വയ്ക്കാന്‍ നടപടി സ്വീകരിക്കണം.


5. ഇങ്ങനെ കൊല്ലപ്പെടുന്ന സ്ഥലത്തിനരികെ മൃഗത്തെ തിരിച്ചറിയാന്‍ ക്യാമറ ട്രാപ്പ് സ്ഥാപിക്കണം.


6. ഇങ്ങനെയുള്ള വന്യമൃഗത്തിന്റെ ദിവസേനയുള്ള ചലനം മനസ്സിലാക്കാന്‍ പ്രഷര്‍ ഇംപ്രഷന്‍ പാഡുകള്‍ സ്ഥാപിക്കണം.


7. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊതുജനങ്ങളെ നിയന്ത്രിക്കണം.


8. കൂട് വെയ്ക്കുന്നതും കെണിവെയ്ക്കുന്നതും തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം മയക്കുവെടി വയ്ക്കാന്‍ നിര്‍ദ്ദേശിക്കാം. ഇതിനായി അനുബന്ധം ക ല്‍ ചേര്‍ത്ത നടപടി ക്രമങ്ങള്‍ പാലിക്കണം.


9. മയക്കുവെടി വയ്ക്കപ്പെട്ട കടുവ/പുലി ആരോഗ്യമുള്ളതാണോ അല്ലയോ എന്നത് പ്രസ്തുത സമിതി പരിശോധിച്ച് ഉറപ്പ് വരുത്തണം. ആരോഗ്യമുള്ളതാണെങ്കില്‍ അതിന് റേഡിയോ കോളര്‍ ഘടിപ്പിച്ച് എൻടിസിഎ-യെ അറിയിച്ച് വനത്തിലേയ്ക്ക് തുറുന്നുവിടണം. പരിക്കേറ്റതാണെങ്കില്‍ മൃഗശാലയിലേയ്ക്ക് മാറ്റണം.


10. സ്ഥിരമായി മനുഷ്യന്റെ മരണത്തിന് കാരണമാകുന്ന, കൊല്ലുന്നത് ശീലമാക്കിയ കടുവയല്ലെങ്കില്‍ അതിനെ യാതൊരു കാരണവശാലും 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കൊല്ലാന്‍ പാടുള്ളതല്ല. 'മനുഷ്യജീവന് ഭീഷണിയായിട്ടുള്ള' മൃഗങ്ങളെ നേരിടുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുബന്ധം രണ്ടില്‍ വിശദീകരിച്ചിട്ടുണ്ട്. ''മനുഷ്യജീവന് ഭീഷണി'' എന്ന് പറയാവുന്ന സാഹചര്യങ്ങള്‍ ''നരഭോജി'' ആകുന്നത് എപ്പോള്‍ എന്നും വിശദീകരിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ കാട്ടാനകളെ നേരിടുന്നതിനും ഇപ്രകാരം മാര്‍ഗനിര്‍ദ്ദേശങ്ങളും എസ്ഒപിയും നിലവിലുണ്ട്.


2018 നവംബര്‍ 2-ന് മഹാരാഷ്ട്രയിലെ പണ്ടര്‍കൗഡ എന്ന സ്ഥലത്ത് വച്ച് പതിമൂന്നോളം മനുഷ്യരെ കൊന്നു എന്ന് പറയപ്പെടുന്ന 'അവ്നി' എന്ന ഒരു പെണ്‍ കടുവയെ കൊല്ലാന്‍ മഹാരാഷ്ട്ര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ 'ഷൂട്ട് അറ്റ് സൈറ്റ്'ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ഒരു മനുഷ്യ ശരീരത്തിന്റെ 60%-വും കടുവ കഴിച്ചു എന്നായിരുന്നു ഇതിനുള്ള ഒരു കാരണം. എന്നാല്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ച് ഈ കേസ് പരിഗണിക്കവെ നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും കടുവ 'മാന്‍ ഈറ്റര്‍' അഥവാ 'നരഭോജി' ആണ് എന്നതിനുള്ള തെളിവുകള്‍ വരെ പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും വെടിവെച്ച ആള്‍ക്കെതിരെയും ഉള്ള ഈ കേസ് അവസാനിച്ചിട്ടില്ല.


ഇപ്പോള്‍ സംസ്ഥാനം കൊണ്ടു വരുന്ന ഭേദഗതി ബില്‍ നിയമമാകുന്നതോടെ ഈ നടപടിക്രമങ്ങളും മറ്റ് തടസ്സങ്ങളും നീങ്ങുന്നതാണ് എന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home