മനോരമയുടെ പാഴ്‌വേലയിൽ മറയില്ല, കേരളത്തിന്റെ മികവ്

തിരുവനന്തപുരം
ആരോഗ്യ മേഖലയിലെ കേരളത്തിന്റെ നേട്ടം യുഡിഎഫ് മുഖപത്രത്തെ അസ്വസ്ഥമാക്കുന്നതിന്റെ തെളിവാണ് ദിനംപ്രതി സൃഷ്ടിക്കുന്ന വ്യാജവാർത്തകൾ. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പേരിൽ നാട്ടിലാകെ ഭീതി സൃഷ്ടിക്കുകയാണ് മലയാള മനോരമ.
അമീബിക്, ഫംഗസ് മസ്തിഷ്ക അണുബാധ ഒരുമിച്ചു ബാധിച്ച പതിനേഴുകാരനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ദിവസങ്ങൾക്കു മുന്പാണ്. ലോകത്താദ്യമായാണ് രണ്ട് മസ്‌തിഷ്‌ക അണുബാധ ഒരുമിച്ചു ബാധിച്ച ഒരാളുടെ ജീവൻ രക്ഷിക്കുന്നത്. ആഗോള തലത്തിൽ 99 ശതമാനമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചവരുടെ മരണനിരക്ക്. ഇത് 24 ശതമാനം ആയി കുറയ്‌ക്കാൻ കേരളത്തിനായി. മസ്തിഷ്ക ജ്വരം ബാധിച്ചവര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ പരിശോധനകൂടി നേരത്തേതന്നെ ഇവിടെ നടത്തുന്നുണ്ട്. ഇതിലൂടെ പലരെയും രക്ഷിക്കാനായി. ഇതൊക്കെ മറച്ചുവച്ച് ജനങ്ങളെ ഭീതിയിലാഴ്‌ത്തി സർക്കാരിനെതിരെ തിരിക്കാനാകുമോ എന്നാണ് പത്രം ശ്രമിക്കുന്നത്.
കുറഞ്ഞ ശിശു മരണനിരക്കിൽ കേരളം അമേരിക്കയെയും മറികടന്ന വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ആയിരം കുഞ്ഞുങ്ങൾ ജനിക്കുന്പോൾ അഞ്ചു മരണമാണ് കേരളത്തിൽ സംഭവിക്കുന്നത്. അമേരിക്കയിലിത് 5.6 ആണ്. ദേശീയ തലത്തിലാകട്ടെ 25. വയനാട്, കാസർകോട് മെഡിക്കൽ കോളേജുകൾക്കുള്ള കേന്ദ്ര അനുമതി ലഭിച്ചതോടെ എല്ലാ ജില്ലയിലും മെഡിക്കൽ കോളേജുകളും നഴ്‌സിങ് കോളേജും യാഥാർഥ്യവുമായി. സ്‌ത്രീകൾക്ക് മാത്രമായി ജനകീയ ആരോഗ്യ കേന്ദ്രം ഏർപ്പെടുത്തുകയുംചെയ്തു.
കിഫ്‌ബിയിൽനിന്നുമാത്രം പതിനായിരം കോടിയിലധികം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ആരോഗ്യ മേഖലയിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. അഞ്ചു വർഷത്തിനിടെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് കേരളത്തിൽ നൽകിയത്. ആരോഗ്യ രംഗത്തെ ഏതു നേട്ടം വിലയിരുത്തിയാലും കേരളമാണ് ഒന്നാമത്.









0 comments