റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് വച്ച സംഭവം: ട്രെയിൻ അപകടത്തിൽപ്പെടുത്താനുള്ള ശ്രമമെന്ന് പൊലീസ്

കുണ്ടറ : ശനിയാഴ്ച റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരെ കൂടുതൽ ചോദ്യം ചെയ്തതിൽ ട്രെയിൻ അപകടത്തിൽപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് വ്യക്തമായ സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കിയതായി കുണ്ടറ പൊലീസ് അറിയിച്ചു. കുണ്ടറ റോയൽ ഫോർട്ടിന് സമീപം രാകേഷ് ഭവനിൽ രാജേഷ്(39), സുഹൃത്ത് പെരുമ്പുഴ പാലപ്പൊയ്ക ചൈതന്യയിൽ എ അരുൺ(33) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ശനി പുലർച്ചെ ഒന്നരയോടെയാണ് ആറുമുറിക്കട പോങ്ങുവിള ജംക്ഷനിൽ നിന്നും ഉപയോഗ ശൂന്യമായ ടെലിഫോൺ പോസ്റ്റ് സമീപത്തെ ട്രാക്കിൽ പ്രതികൾ വച്ചത്.
പോസ്റ്റ് സമീപവാസിയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എഴുകോൺ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ട്രാക്കിൽ നിന്നും പോസ്റ്റ് നീക്കം ചെയ്ത് മടങ്ങി. പിന്നീട് മൂന്നുമണിയോടെ ട്രാക്കിൽ വീണ്ടും പോസ്റ്റ് കണ്ടയാൾ അറിയിച്ചതിനെത്തുടർന്ന് കുണ്ടറ പൊലീസ് എത്തിയാണ് രണ്ടാം തവണ പോസ്റ്റ് നീക്കാൻ ചെയ്തത്. മൂന്നര മണിക്ക് എത്തുന്ന പാലരുവി എക്സ്പ്രസ്സ് ട്രെയിൻ ലക്ഷ്യം വച്ചാണ് പ്രതികൾ പ്രതികൾ പ്രവർത്തിച്ചത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പൊലീസും ആർ പി എഫ് ഉദ്യോഗസ്ഥരും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.
പൊലീസ് പരിശോധനയിൽ സ്ഥലത്തെ എ ടി എം കൗണ്ടറിലും വ്യാപാര സ്ഥാപനത്തിലും സ്ഥാപിച്ചിരുന്ന സി സി ടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ പ്രതികൾ പോസ്റ്റ് ചുമന്നുകൊണ്ട് വരുന്നത് വ്യക്തമായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. വൈകിട്ടോടെ പെരുമ്പുഴയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ മദ്യപിക്കുന്നതിന് പണം കണ്ടെത്തുന്നതിന് ടെലിഫോൺ പോസ്റ്റ് ആക്രിക്കടയിൽ വിൽക്കാനാണ് പദ്ധതിയിട്ടത്. നാഖ തകിടും കാസ്റ്റ് അയണും കൊണ്ട് നിർമ്മിച്ച പോസ്റ്റിന് നല്ല വില ലഭിക്കാറുണ്ട്. ആരുടേയും ശ്രദ്ധയിൽപ്പെടാതെ കൊണ്ടുപോകുന്നതിന് കഷണങ്ങളാക്കുന്നതിനുവേണ്ടിയാണ് പാളത്തിൽ വച്ചതെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. എന്നാൽ കൊച്ചിയിൽ നിന്നെത്തിയ എൻ ഐ എ ഉദ്യോഗസ്ഥരും മധുരയിൽ നിന്നെത്തിയ ആർ പി എഫ് സംഘവും പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഭവം അട്ടിമറി ശ്രമമാണെന്ന് കണ്ടെത്തിയത്. പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. മൊബൈൽ ഫോണുകളും പരിശോധനക്ക് വിധേയമാക്കി. പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. സംഭവദിവസം പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്തവരുടെ വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.









0 comments