യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം തട്ടിയ സംഭവം; പ്രതി കീഴടങ്ങി

vallikkunnu
വെബ് ഡെസ്ക്

Published on Jul 26, 2025, 10:22 PM | 1 min read

വള്ളിക്കുന്ന്: കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കാറും കവർന്ന സംഘത്തിലെ പ്രധാനി കോടതിയിൽ കീഴടങ്ങി. വള്ളിക്കുന്ന് അരിയല്ലൂർ മുതിയം ബീച്ചിലെ കിഴക്കൻ്റെ പുരക്കൽ ഉമ്മർ അലി (30) ആണ് പരപ്പനങ്ങാടി കോടതിയിൽ കീഴടങ്ങിയത്.


മൂന്നുമാസം മുൻപ് ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. രാത്രി ഏഴുമണിയോടെ ഏഴു പേർ അടങ്ങുന്ന സംഘം താനൂർ ഒട്ടുംപുറം സ്വദേശിയായ സമീർ എന്ന യുവാവ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.


വള്ളിക്കുന്നിലെ ബീച്ചിന് സമീപം കൊണ്ടുപോയി ഫുട്ബോൾ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. കാറും പണമടങ്ങുന്ന പേഴ്സും ഒരുലക്ഷം രൂപ വിലയുള്ള ഐഫോണും കവറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടികൊണ്ടുപോകൽ, കൊലപാതകശ്രമം, മോചനദ്രവ്യം ആവശ്യപ്പെടൽ തുടങ്ങി ഗുരുതരമായ 10 ഓളം കേസിൽ പോലീസ് തേടുന്നയാളാണ് ഉമ്മർ അലി.


ഇയാൾക്കെതിരെ കാപ്പ ചുമത്തിയതോടെയാണ കോടതിയിൽ സ്വമേധയാ കീഴടങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു. അടുത്ത ദിവസംതന്നെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. പരപ്പനങ്ങാടി സിഐ വിനോദ് വലിയാട്ടൂരിന് പുറമെ എസ് ഐ ബാബുരാജ്, സിപിഒ രാഹുൽ, ഡബ്ലിയു സിപിഒ സുവിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home