പൂരത്തിന് ഒരാനയെ ഒഴിവാക്കി; ഏക്കത്തുക ഉപയോഗിച്ച് നിര്‍ധനകുടുംബത്തിന്റെ വീട് പുനര്‍നിര്‍മിക്കും

കൂറ്റനാട്: ചാലിശ്ശേരി മുലയംപറമ്പത്തുകാവ് പൂരത്തിൽ നിന്നും ഒഴിവാക്കിയ ആനയുടെ ഏക്കത്തുക ഉപയോഗിച്ച് നിർധനകുടുംബത്തിന് വീട് പുനർനിർമിക്കും. ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റിയാണ് വീട് നിർമിച്ച് നൽകുക. ചിറക്കൽ കാളിദാസൻ എന്ന ആനയെ 5,03,000 രൂപയ്ക്ക് ഇവർ ഏക്കത്തിനെടുത്തിരുന്നു. എന്നാൽ, വീടുപണി പൂർത്തീകരിക്കാൻ ആനയെ ഒഴിവാക്കി തുക കുടുംബത്തിനുനൽകി. കാര്യമറിഞ്ഞ ആനയുടമ, ആനയ്ക്ക് മുൻകൂർകിട്ടിയ 20,000 രൂപ കമ്മിറ്റിക്കാർക്ക് തിരിച്ചുനൽകി പിൻതുണനൽകി.
ആലിക്കര വേങ്ങാട്ടുപറമ്പിൽ കൂലിപ്പണിചെയ്ത് കുടുംബം പോറ്റിയിരുന്ന അജിതൻ (45) ഹൃദയാഘാതത്തെത്തുടർന്ന് കഴിഞ്ഞവർഷം മരിച്ചിരുന്നു. ഇതോടെ കുടുംബത്തിന്റെ വീടുനിർമാണവും നിലച്ചു. സെപ്തംബറിൽ പെരുമ്പിലാവ് അറക്കലിൽ വാഹനാപകടത്തിൽ കുന്നംകുളം ബോയ്സ് സ്കൂൾ പ്ലസ്‌വൺ വിദ്യാർഥിയായ അജിതന്റെ മൂത്തമകൻ അതുൽകൃഷ്ണയും മരിച്ചു. ഈ കുടുംബത്തിനാണ് സഹായം നൽകുന്നത്.
ഇത്തവണ ആർഭാടങ്ങളെല്ലാം ഒഴിവാക്കി ലളിതമായ രീതിയിലാണ് പൂരം ആഘോഷിച്ചതെങ്കിലും കമ്മിറ്റി അംഗങ്ങളായ നവയുഗ പ്രസിഡൻറ് എം എസ് മനു, സെക്രട്ടറി സനൂപ്, ഖജാൻജി എം കെ ശരത് എന്നിവർ സന്തോഷത്തിലാണ്. ആലിക്കര നവയുഗ പൂരാഘോഷ കമ്മിറ്റി മാത്രമാണ് ആനയെ ഒഴിവാക്കിയത്. അതേസമയം മുലയംപറമ്പത്തുകാവ് പൂരത്തിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉൾപ്പെടെയുള്ള ആനകളുണ്ടായിരുന്നു.









0 comments