ഭരണപ്രതിസന്ധി: രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഒപ്പിട്ട ഫയലുകൾ വി സി തിരിച്ചയച്ചു

തിരുവനന്തപുരം: ആർഎസ്‌എസ് അജണ്ട നടപ്പിലാക്കാനുള്ള പിടിവാശിയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ അധികാര ദുർവിനിയോഗം തുടരുന്നതോടെ ഭരണ പ്രതിസന്ധിയിലായി കേരള സർവകലാശാല. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ അയച്ച മൂന്നു ഫയലുകൾ വി സി തിരിച്ചയക്കുകയായിരുന്നു. അതേസമയം രജിസ്ട്രാർ ഇൻ ചാർജ് എന്ന നിലയിൽ ഡോ. മിനി കാപ്പൻ അയച്ച ഫയലുകൾ അംഗീകരിക്കുകയും ചെയ്തു.
വ്യാഴാഴ്‌ച സർവകലാശാലയിൽ രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാർ എത്തിയെങ്കിലും രജിസ്‌ട്രാർക്കുള്ള ഇ- ഫയലുകൾ അനിൽ കുമാറിന് അയക്കരുതെന്ന് വിസി നിർദ്ദേശം നൽകിയിരുന്നു. കമ്പ്യൂട്ടർ ഓപ്പറേറ്റിങ് ഡയറക്‌ടർക്കാണ് നിർദ്ദേശം നൽകിയത്. ഇതോടെ ഫയൽ നീക്കം അനിശ്‌ചിതത്വത്തിലായി. എന്നാൽ വൈകിട്ടോടെ ഡോ. കെ എസ് അനിൽകുമാറിന്റെ ഡിജിറ്റൽ ഒപ്പ് പുനഃസ്ഥാപിച്ചു.
താൽക്കാലിക വിസി സിസ തോമസും സമാന നടപടി സ്വീകരിച്ചിരുന്നു. രജിസ്‌ട്രാർ വഴിയെത്തിയ ഫയലുകൾ സ്വീകരിക്കാതെ അതത് വകുപ്പുകളിലേക്ക് തിരിച്ചയച്ച് ജോയിന്റ് രജിസ്‌ട്രാർ വഴി നേരിട്ട് അയച്ചാൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു. ബുധനാഴ്‌ച സർവകലാശാലയിലെത്തിയ അനിൽകുമാർ ഒരു ദിവസത്തെ അവധിക്കായി താൽക്കാലിക വിസി മോഹൻ കുന്നുമ്മേലിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇത് വിസി നിരസിച്ചു. താൻ ഇപ്പോഴും സർവകലാശാലയുടെ രജിസ്‌ട്രാറാണെന്നും സിൻഡിക്കറ്റാണ് തന്നെ നിയമിച്ചതെന്നും കെ എസ് അനിൽകുമാർ മറുപടി നൽകിയിരുന്നു.









0 comments