കേന്ദ്രത്തിന്റേത് കേരളത്തിലെ റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സമീപനം: മുഖ്യമന്ത്രി

ഫയൽ ചിത്രം
തിരുവനന്തപുരം: കേരളത്തിന് അർഹമായ അരിവിഹിതം നൽകാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ രാജ്യത്തെ സംസ്ഥാനമാണ് കേരളം. ഈ രാജ്യത്തെ മറ്റ് ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ ഇത്രയും സുഗമമായി റേഷൻ വിതരണം നടക്കുന്നുണ്ടോ? റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ് കേന്ദ്ര സർക്കാർ നയമെന്നും ബദൽ നയം നടപ്പാക്കുന്നതിലൂടെയാണ് കേരളം വേറിട്ട് നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 57% വരുന്ന മുൻഗണനാ വിഭാഗക്കാർ റേഷൻ പരിധിക്ക് പുറത്താണ്. എന്നാൽ സംസ്ഥാന സർക്കാർ അവരെകൂടി ഉൾപ്പെടുത്തിയാണ് ഈ സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ ഓണത്തിന് ടൈഡ് ഓവർ വിഹിതത്തിന്റ വിലയായ 8രൂപ 30 പൈസക്ക് കേരളത്തിന് അരി വിഹിതം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ ഒരു മണി അരി പോലും അധികമായി നൽകാൻ തയാറായില്ല. അങ്ങനെ നൽകാൻ കഴിയില്ല എന്നാണ് മറുപടി നൽകിയത്. വേണമെങ്കിൽ സ്വകാര്യ കമ്പനികൾ വാങ്ങുന്ന നിരക്കിൽ അരി വാങ്ങാം എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.
പ്രളയവും, കോവിഡും പോലുള്ള ദുരന്ത ഘട്ടങ്ങളിൽ കേരളത്തിന് സൗജന്യ നിരക്കിൽ ഭക്ഷ്യ ധാന്യങ്ങൾ നൽകാതിരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. അവരിൽ നിന്ന് ഈ ഓണക്കാലത്ത് മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. പക്ഷെ എന്തെല്ലാം പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നലും തടസങ്ങൾ സൃഷ്ടിച്ചാലും സാധാരണക്കാരന് ആശ്വാസമേകുന്ന ഒരു നടപടിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
കേന്ദ്ര നിലപാട് നോക്കിയല്ല സംസ്ഥാന സർക്കാർ സാധാരണക്കാരന് ഇത്തരം ആനുകൂല്യങ്ങൾ ഒരുക്കുന്നത്. അർഹമായ വിഹിതങ്ങൾ ലഭിക്കാത്തതുകൊണ്ട് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നുണ്ട്. എന്നാൽ കേരളത്തിന്റെ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും അതൊന്നും തടസമാകില്ല. അധിക വിഭവ സമാഹരണത്തിലൂടെ നാടിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഒരു വീഴ്ചയും ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. രാജ്യത്താകെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടാകേണ്ടത് കേരളത്തിലാണ്. പക്ഷെ മാതൃകാപരാമായ വിപണി ഇടപെടലിലൂടെയാണ് വിലക്കയറ്റം പിടിച്ചുനിർത്താനായത്. അതിൽ സപ്ലൈകോയുടെ ഇടപെടൽ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂലൈയിൽ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്സിഡി ഉൽപ്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. 32ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു. ഓണത്തിരക്ക് ആരംഭിച്ച ഈ മാസം 22വരെയുള്ള വിറ്റുവരവ് 180കോടി രൂപയാണ്. 11 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് പത്തു കോടിയ്ക്ക് മുകളിലാണ്. 22 വരെ 30 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചു. ഇതെല്ലാം ജനങ്ങൾക്ക് സപ്ലൈകോയോടുള്ള വിശ്വാസമാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments