പവിത്രന്റെ കൈയ്യനങ്ങി; മോര്‍ച്ചറിയില്‍ വയോധികന് പുതുജീവന്‍

കണ്ണൂർ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ വയോധികനിൽ ജീവന്റെ തുടിപ്പ്. കണ്ണൂർ എ കെ ജി ആശുപത്രിയിലാണ് സംഭവം. കണ്ണൂര്‍ പാച്ചപ്പൊയിക സ്വദേശി പവിത്രൻ (67) ആണ് മോർച്ചറി വാതിൽക്കലിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. മംഗലാപുരത്ത് നിന്ന് ആംബുലൻസിൽ എത്തിക്കുമ്പോൾ മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിലാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയത്.
ആശുപത്രി ജീവനക്കാരായ ആർ ജയനും അനൂപുമാണ് പവിത്രന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. ശ്വാസംമുട്ടലും വൃക്കസംബന്ധമായ അസുഖവും കാരണം പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടിൽ വെള്ളുവക്കണ്ടി പവിത്രൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.
കൂടുതൽ ചികിത്സയൊന്നും നൽകാനില്ലെന്നും പത്ത് മിനിറ്റലധികം ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്നാണ് ഭാര്യ സുധയും ബന്ധുവും പവിത്രനുമായി നാട്ടിലേക്ക് ആംബുലൻസിൽ പുറപ്പെട്ടത്. യാത്രയിൽ പവിത്രന് അനക്കമില്ലാതിരുന്നതിനാൽ, ഡോക്ടർമാർ പറഞ്ഞതുപോലെ മരണം സംഭവിച്ചിരിക്കാമെന്നു കരുതി. രാത്രി ഏറെ വൈകിയതിനാൽ എ കെ ജി ആശുപത്രിയിലെ ഫ്രീസറിലേക്ക് മാറ്റാമെന്നും തീരുമാനിക്കുകയായിരുന്നു.
ഇന്നലെ രാത്രി 11.30ന് ആംബുലൻസ് എ കെ ജി ആശുപത്രിയിലെത്തി. പവിത്രനെ മോർച്ചറിയിലേക്ക് മാറ്റാൻ സ്ട്രച്ചറുമായി ആംബലൻസിലേക്ക് കയറിയപ്പോഴാണ് ശരീരം അനങ്ങുന്നതായി ശ്രദ്ധിച്ചത്. ഉടൻ ബന്ധുക്കളോട് വിവരം പറഞ്ഞ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അക്ഷയ് പരിശോധിച്ച് പവിത്രൻ മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. ഉടൻ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഗ്യാസ്ട്രോ ഐസിയുവിൽ ചികിത്സയിലാണ്.









0 comments