കന്യാസ്‌ത്രീകളുടെ അറസ്റ്റ് ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമേറ്റ കളങ്കം: പി കെ ശ്രീമതി

P K Sreemathi
വെബ് ഡെസ്ക്

Published on Aug 01, 2025, 12:40 PM | 1 min read

റായ്‌പൂർ: ഛത്തീസ്​ഗഡിൽ ബിജെപി സർക്കാർ കള്ളക്കേസിൽ കുടുക്കി രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമേറ്റ കളങ്കമാണെന്ന് അഖിലേന്ത്യാ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി. കന്യാസ്ത്രീകളെ എത്രയുംപെട്ടന്ന് മോചിപ്പിക്കണമെന്നും ഇന്ന് ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാതയ്ക്കൊപ്പം സിസ്റ്റർ വന്ദനയെയും സിസ്‌റ്റർ പ്രീതി മേരിയെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.


ഒരു കുറ്റം ചെയ്യാത്ത രണ്ടു പേരെയാണ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത്. മതഭ്രാന്ത് പിടിച്ചവർ പിടിച്ചു കൊണ്ടു പോവുകയും പൊലീസ് മനുഷ്യകടത്ത് ആരോപിച്ച് ജയിലിൽ അടയ്ക്കുകയുമായിരുന്നു. രാജ്യത്ത് ഇതുവരെ നടക്കാത്ത ദൗർഭാ​ഗ്യകരമായ സംഭവമാണിത്. കുട്ടികളെ പഠിപ്പിക്കുക, രോ​ഗികളെ ചികിത്സയ്ക്കുകയുമടക്കുള്ള നിസ്തുലമായ സേവനങ്ങളാണ് ക്രിസ്ത്യൻ മിഷണറിമാർ ചെയ്തുവരുന്നത്. തെറ്റ് പറ്റിയെന്ന് പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത് ഷാ വരെ പറഞ്ഞു. തങ്ങൾ സ്വന്തം താൽപര്യത്തിന് ജോലിക്ക് പോയതാണെന്ന് കുട്ടികൾ പറഞ്ഞിട്ടും എന്തിനാണ് സർക്കാർ കാത്തിരിക്കുന്നതെന്നും പി കെ ശ്രീമതി ചോദിച്ചു.


രാജ്യത്തെ ഭരണഘടനാതത്വങ്ങളെ ലംഘിച്ചാണ് കന്യാസ്ത്രീളെ ജയിലിലടച്ചതെന്നും മഹിളാ അസോസിയേഷൻ ഇരുവർക്കും പൂർണ പിന്തുണ നൽകുമെന്നും സി എസ് സുജാത പറഞ്ഞു. അതേസമയം ജാമ്യത്തിനായി കന്യാസ്ത്രീകൾ എൻഐഎ കോടതിയിൽ വിടുതൽ അപേക്ഷ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home