നയം മാറ്റില്ലെന്ന്‌ ആവർത്തിച്ച്‌ തരൂർ

shashi tharoor

ശശി തരൂർ. PHOTO: Facebook/Shashi Tharoor

avatar
പ്രത്യേക ലേഖകൻ

Published on Jun 17, 2025, 12:05 AM | 1 min read

തിരുവനന്തപുരം: വിദേശകാര്യ സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ആയശേഷം തനിക്ക്‌ വിദേശകാര്യനയത്തിൽ ബിജെപി–-കോൺഗ്രസ്‌ വേർതിരിവ്‌ ഇല്ലാതായെന്ന്‌ ശശി തരൂർ. തുടർന്നും ഇതേ നിലപാട്‌ തന്നെയാകും എടുക്കുകയെന്ന്‌ മലയാളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ തരൂർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടപ്രകാരം വിദേശ രാജ്യങ്ങൾ സന്ദർശിച്ച്‌ തിരിച്ചെത്തിയശേഷമാണ്‌ കഴിഞ്ഞ ദിവസം അദ്ദേഹം ലേഖനം എഴുതിയത്‌.


ദേശീയതാൽപ്പര്യമുള്ള വിഷയങ്ങളിൽ പാർടി നയമല്ല, പൊതുവായ നയമാകും സ്വീകരിക്കുക. ഇന്ദിരാഗാന്ധിമുതൽ മൻമോഹൻസിങ്‌ വരെയുള്ള പ്രധാനമന്ത്രിമാരും ഇത്തരം സന്ദർഭങ്ങളിൽ വിദേശ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു. വിദേശ സന്ദർശക സംഘത്തിന്റെ വിജയ സാധ്യത ചോദ്യംചെയ്തവരെ വിമർശിക്കുന്ന തരൂർ, സംഘം എന്തിനാണോ പോയത്‌ അത്‌ നേടിയാണ്‌ തിരിച്ചെത്തിയതെന്നും പറയുന്നു.

നേരത്തെ ഇംഗ്ലീഷ്‌ പത്രത്തിൽ എഴുതിയ ലേഖനത്തിൽ രാഹുൽ ഗാന്ധിയെ പോലുള്ള നേതാക്കൾ രാഷ്‌ട്രീയവും ചരിത്രവും കൂടുതൽ മനസിലാക്കുന്നത്‌ നല്ലതാണെന്ന്‌ പരോക്ഷമായി സൂചിപ്പിച്ചിരുന്നു.

പാർടി അനുമതിയില്ലാതെ മോദിസംഘത്തിൽചേർന്ന്‌ വിദേശത്തുനിന്ന്‌ മടങ്ങിയെത്തിയ എംപിമാർ ഇക്കാര്യത്തിൽ പരസ്യ പ്രതികരണം നടത്തുന്നത്‌ കോൺഗ്രസ്‌ വിലക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ വിലക്ക്‌ ലംഘിച്ച്‌, നിലപാട്‌ ആവർത്തിച്ച്‌ തരൂരിന്റെ ലേഖനം.

കെപിസിസി പ്രസിഡന്റ്‌ അടക്കം കേരളത്തിലെ ചില നേതാക്കൾ ലേഖനത്തിനെതിരെ പ്രതികരിച്ചെങ്കിലും തരൂർ മറുപടി പറഞ്ഞില്ല. സ്വകാര്യ സന്ദർശനത്തിനായി വിദേശത്തുപോയ തരൂർ തിരിച്ചെത്തിയാൽ പ്രതികരിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്ത ഉന്നതപദവി സ്വീകരിക്കുമെന്നുമാണ്‌ വാർത്തകൾ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്‌ തരൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല.




deshabhimani section

Related News

View More
0 comments
Sort by

Home