താനൂരിൽ വീടുവിട്ട കുട്ടികളെ കെയർഹോമിലേക്ക് മാറ്റും

താനൂർ : മുംബൈയിൽ കണ്ടെത്തിയ താനൂരിലെ പ്ലസ്‌ടു വിദ്യാർഥിനികളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു. വെള്ളി പുലർച്ചെ രണ്ടിന് മുംബൈ ചെന്നൈ എഗ്‌മോർ ട്രെയിനിൽ മുംബൈക്കും പുണെയ്‌ക്കുമിടയിലുള്ള ലോണാവാലാ സ്‌റ്റേഷനിൽവച്ച് ആർപിഎഫാണ് വിദ്യാർഥികളെ കണ്ടെത്തിയത്. പുണെയിലെ സിഡബ്ല്യുസിയിൽ ഏൽപ്പിച്ച കുട്ടികളെ താനൂർ എസ്ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. ഇവരെ കോടതിയിൽ ഹാജരാക്കി കെയർ ഹോമിലേക്ക് മാറ്റും. ഇവർക്ക് കൗൺസലിങ് നൽകുമെന്നും പൊലീസ് അറിയിച്ചു.
താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനികളായ ഇവർ ബുധൻ രാവിലെ പരീക്ഷയ്‌ക്ക് എന്നുപറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. ജീൻസും ടീ ഷർട്ടുമായിരുന്നു വേഷം. തിരൂർ റെയിൽവേ സ്‌റ്റേഷനിൽനിന്ന് കോഴിക്കോട് എത്തിയതിനു പിന്നാലെ ഇവരുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. ഇതിനുമുമ്പ് ഇരുവരുടെയും ഫോണിൽ ഒരേനമ്പറിൽനിന്ന് വിളിവന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്ലമിന്റെ പേരിലുള്ള സിം കാർഡിൽനിന്നായിരുന്നു കോളുകൾ. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതോടെ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹെയർ ട്രീറ്റ്മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. ഇതിനിടെ പെൺകുട്ടികൾക്കൊപ്പം മുംബൈയിലെത്തിയ റഹീം അസ്ലം കേരളത്തിലേക്ക് മടങ്ങി. റഹീമിനോടും സ്‌റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.









0 comments