print edition ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ല ; തന്ത്രവിദ്യാപീഠങ്ങളുടെ അംഗീകാരം ചോദ്യംചെയ്ത ഹർജി തള്ളി

thanthra vidya peedam
വെബ് ഡെസ്ക്

Published on Oct 23, 2025, 03:23 AM | 1 min read


കൊച്ചി

തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് ദേവസ്വം റിക്രൂട്ട്മന്റ് ബോർഡ് അംഗീകരിച്ച തന്ത്രവിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് മതിയായ യോഗ്യതയാണെന്ന് ഹെെക്കോടതി. ശാന്തി നിയമനത്തിനുള്ള യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വെെദഗ്ധ്യം റിക്രൂട്ട്മെന്റ് ബോർഡിന് ഇല്ലെന്നും മാനദണ്ഡതീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അഖിലകേരള തന്ത്രി സമാജം സമർപ്പിച്ച ഹർജി തള്ളിയാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്‌. ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്നും ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.


യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത് ഭരണഘടനാപരമായ തുല്യത ഉറപ്പാക്കും. പാരമ്പര്യത്തിനുമാത്രം പ്രാധാന്യം നൽകുന്നത് അംഗീകരിക്കാനാകില്ല. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അംഗീകാരത്തോടെയാണ് റിക്രൂട്ട്‌മെന്റ് ബോർഡ് തീരുമാനങ്ങൾ നടപ്പാക്കുന്നത്. തന്ത്രവിദ്യാലയങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്നത്‌ കുറ്റമറ്റരീതിയിലാണ്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിനും പൊതുനയത്തിനും വിരുദ്ധമായ ആചാരങ്ങൾക്ക് കോടതിയുടെ സംരക്ഷണം ഉണ്ടാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.


2023–- 24ൽ 75 പാർട്ട്‌ടൈം ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ എസ്എസ്എൽസിയും അക്രഡിറ്റഡ് തന്ത്രവിദ്യാലയത്തിലെ സർട്ടിഫിക്കറ്റുമാണ് യോഗ്യത നിശ്‌ചയിച്ചത്‌. പരമ്പരാഗത വേദപഠന ശാലകളിലെ വിദ്യാർഥികൾ തഴയപ്പെടുമെന്ന് തന്ത്രിസമാജം ആശങ്ക ഉന്നയിച്ചപ്പോൾ ആ വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അനുമതി നൽകി. എഴുത്തുപരീക്ഷയ്ക്കുപുറമേ ആചാരാനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലുമുള്ള അറിവും വിലയിരുത്തിയാണ് ചുരുക്കപ്പട്ടികയുണ്ടാക്കിയത്. ഈ പട്ടിക തള്ളണമെന്നായിരുന്നു ഹർജി.


പരമ്പരാഗതമായ ആഗമ, നിഗമ വിദ്യകളും തന്ത്രസമുച്ചയവും പഠിച്ചവരെയാകണം നിയമിക്കേണ്ടതെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, തന്ത്രിസമാജം നിയമപരമായ വേദിയല്ലെന്നും തന്ത്രിമാർ ദേവസ്വം ജീവനക്കാരുടെ ഗണത്തിൽപ്പെടുന്നവരല്ലെന്നും സർക്കാർ വാദിച്ചു. ദേവസ്വം ബോർഡിനും റിക്രൂട്ട്മെന്റ് ബോർഡിനും നിർദേശങ്ങൾ നൽകാൻ ഹർജിക്കാർക്ക് അധികാരമില്ലെന്നും വാദിച്ചു. എല്ലാ വിഭാഗക്കാർക്കും അവസരം ലഭിക്കുംവിധമാണ് റിക്രൂട്ട്മെന്റ്‌ ബോർഡ് നീങ്ങിയതെന്നും അതിൽ ഭരണഘടനാ വിരുദ്ധതയില്ലെന്നും കോടതി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home