തമ്പാനൂരിൽ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയിൽ

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി സന്ദേശം നൽകിയ പ്രതി പിടിയിൽ. പത്തനംതിട്ട റാന്നി കോട്ടത്തൂർ സ്വദേശി എം ആർ ഹരിലാലിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊച്ചി മെട്രോയിൽ ബോംബ് ഭീഷണി മുഴക്കിയ കേസിൽ ഇയാളെ കൊച്ചി സെൻട്രൽ പൊലീസ് തിരയുന്നതിനിടെയാണ് തമ്പാനൂർ പൊലീസ് പിടികൂടുന്നത്.
തമ്പാനൂർ ബസ് ടെർമിനലിലെ ചായക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അവിടെ വച്ച് മോശമായി പെരുമാറിയതിന് ഹരിലാലിനെ കടയുടമ മർദ്ദിക്കുകയും ജോലിയിൽനിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ടെർമിനലിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണി മുഴക്കിയതെന്നാണ് ഹരിലാൽ പൊലീസിനോട് പറഞ്ഞു. മാസങ്ങൾക്കുമുൻപ് കൊച്ചി മെട്രോയിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ ജീവനക്കാർ മർദിച്ചപ്പോഴും ഇയാൾ ഫോൺ വഴി സന്ദേശം അയച്ചിരുന്നു. ഈ കേസിൽ കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഹരിലാലിനെ തെരയുകയായിരുന്നു.
ഈ മാസം 24ന് പകൽ 12.30നായിരുന്നു തമ്പാനൂർ ബസ് ടെർമിനലിൽ ബോംബ് വച്ചതായി പൊലീസ് കൺട്രോൾ റൂമിലേക്ക് കോൾ എത്തിയത്. പരിശോധനയിൽ സന്ദേശം വ്യാജമാണെന്നു കണ്ടെത്തി. തുടർന്ന് ഫോൺനമ്പർ കേന്ദ്രീകരിച്ച് സൈബർസെൽ അന്വേഷണം നടത്തി. സ്വിച്ച് ഓഫിലായിരുന്ന ഫോൺ കൊച്ചി വെല്ലിങ്ടൺ ഐലൻഡിനു സമീപത്ത് വച്ച് ഒരു തവണ ഓൺ ചെയ്തതായി പൊലീസ് കണ്ടെത്തി. കോൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ തമ്പാനൂരിലെ കടയുടമയുടെ നമ്പർ പൊലീസിന് ലഭിച്ചു. തുടർന്ന് കടയുടമയെക്കൊണ്ട് ഹരിലാലിനെ പൊലീസ് തമ്പാനൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജോലിക്കായി കടയിലേക്ക് മടങ്ങിവരണമെന്നും ഉയർന്ന ശമ്പളം നൽകാമെന്നുമാണ് കടയുടമ ഹരിലാലിനോട് പറഞ്ഞത്. തുടർന്നാണ് തമ്പാനൂരിൽ വന്നിറങ്ങിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
അതേസമയം തലസ്ഥാനത്ത് ഇമെയിൽ വഴി നിരന്തരം ലഭിക്കുന്ന വ്യാജ ബോംബ് ഭീഷണിക്ക് പിന്നിൽ ഇയാളല്ലെന്ന് തമ്പാനൂർ പൊലീസ് പറയുന്നു. തമ്പാനൂർ എസ്എച്ച്ഒ വി എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ സിപിഒമാരായ ബോബൻ, ശ്രീരാഗ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.









0 comments