Deshabhimani

താമരശേരിയിലെ വിദ്യാർഥിയുടെ മരണം; പ്രതി ചേര്‍ത്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി, പരീക്ഷ എഴുതുന്നതിന്‌ അവസരമൊരുക്കും

thamarassery shehabas
വെബ് ഡെസ്ക്

Published on Mar 01, 2025, 02:55 PM | 1 min read

താമരശേരി: കോഴിക്കോട്‌ താമരശേരിയിലെ പത്താം ക്ലസ്‌ വിദ്യാർഥിയായ മുഹമ്മദ്‌ ഷഹബാസ്‌ തലക്കടിയേറ്റ്‌ മരിച്ച സംഭവത്തിൽ പ്രതി ചേര്‍ത്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ച്‌ വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ്‌ തള്ളിയിരിക്കുന്നത്‌.


വിദ്യാർഥികളെ റിമാൻഡിൽ കെയര്‍ ഹോമിലേക്ക് അയക്കും. ജുവനൈൽ ജസ്റ്റിസ്‌ ബോർഡിന്റേതാണ്‌ തീരുമാനം. പത്താം ക്ലാസിൽ തന്നെ പഠിക്കുന്ന ഇവർക്ക്‌ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യവും ഒരുക്കും. പൊലീസ്‌ കുട്ടികളെ സ്‌കൂളിലെത്തിക്കുകയാണ്‌ ചെയ്യുക.


എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്ന മുഹമ്മദ് ഷഹബാസ്‌(15) സംഘർഷത്തിൽ തലയ്‌ക്ക്‌ ക്ഷതമേറ്റതിനെ തുടർന്നാണ്‌ മരിച്ചത്‌. ഷഹബാസിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്‌. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പോസ്റ്റ്‌മോർട്ടം.


വ്യാഴം വൈകിട്ട്‌ താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന്‌ സമീപത്താണ്‌ താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെയും എളേറ്റിൽ വട്ടോളി എംജെ എച്ച്‌എസ്‌എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്‌. ഞായറാഴ്‌ച പരിപാടിയിൽ ജിവിഎച്ച്‌എസ്‌എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്‌, പാട്ട്‌ നിലച്ചതിനെ തുടർന്ന്‌ പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു.


പിന്നീട്‌ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെ സംഘടിച്ച്‌ വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി.


സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്. അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായി. 'ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും അവന്‍റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല' എന്ന് വിദ്യാർഥികൾ പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്.


താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്‌ മുഹമ്മദ്‌ ഷഹബാസ്‌. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളായ അഞ്ച് പേരെയാണ്‌ പൊലീസ് കസ്റ്റഡിയിലെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home