ഷഹബാസ് വധക്കേസ്: ആറ് വിദ്യാർഥികൾക്ക് ജാമ്യം

കൊച്ചി : താമരശേരിയിൽ പത്താംക്ലാസ് വിദ്യാർഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം. ആറുപേർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം. നിലവിൽ മാതാപിതാക്കളുടെ ജാമ്യത്തിലാണ് വിദ്യാർഥികളെ ഒബ്സർവേഷൻ ഹോമിൽ നിന്ന് വിട്ടയയ്ക്കുന്നത്. 50,000 രൂപയുടെ ബോണ്ട് നൽകണം. അന്വേഷണവുമായി പൂർണമായി സഹകരിക്കുകയും അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാവുകയും വേണം. ഇത് വിദ്യാർഥികളും അവരുടെ മാതാപിതാക്കളും സത്യവാങ്മൂലമായി കോടതിയിൽ സമർപ്പിക്കുകയും വേണം.
സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടർന്ന വ്യവസ്ഥകളുമുണ്ട്. മൂന്ന് മാസത്തിലധികമായി വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിൽ തുടരുന്ന വിദ്യാർഥികൾ കോഴിക്കോട് സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ ആദ്യം സമർപ്പിച്ചത്. കോടതിയും ജുവനൈൽ ജസ്റ്റിസ് ബോർഡും ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ക്രമസമാധാന പ്രശ്നങ്ങളും സുരക്ഷ ഭീഷണിയും ചൂണ്ടിക്കാട്ടി വിദ്യാർഥികളുടെ ജാമ്യം നിഷേധിച്ചിരുന്നു. പിന്നീടാണ് ഇന്ന് ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരമാണെന്നും കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു.
ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ്(15) മരിച്ചത്. താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാർഥികളായ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന് സമീപത്തുവച്ച് താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജിവിഎച്ച്‌എസ്‌എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു. ട്യൂഷൻ സെന്ററിലെ പരിപാടിയിക്കിടെ താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവിയെന്നു പറഞ്ഞാണ് വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടത്.
അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും പിന്നീട് ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചവെങ്കിലും ചികിത്സയിലിരിക്കെ മാർച്ച് ഒന്നിന് മരിച്ചു. അതിനിടെ അക്രമി സംഘത്തിൽ പെട്ടവരുടെ ഇൻസ്റ്റഗ്രാം ചാറ്റും പുറത്തായിരുന്നു.









0 comments