ഇടിഞ്ഞിറങ്ങിയത് 80 അടി ഉയരത്തിൽനിന്ന് ; 26 മണിക്കൂർ നീണ്ട ദൗത്യം
താമരശേരി ചുരം മണ്ണിടിച്ചിൽ ; ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ട താമരശേരി ചുരത്തിൽനിന്ന് പാറകൾ പൊട്ടിച്ച് നീക്കുന്നു

അജ്‌നാസ് അഹമ്മദ്
Published on Aug 28, 2025, 02:15 AM | 1 min read
വൈത്തിരി
താമരശേരി ചുരത്തിൽ ഒമ്പതാംവളവിൽ വ്യൂ പോയിന്റിനുസമീപം മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ഗതാഗത തടസ്സം 26 മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ ഭാഗികമായി പുനഃസ്ഥാപിച്ചു. ചൊവ്വ രാത്രി ഏഴിന് ആരംഭിച്ച ദൗത്യം ബുധൻ രാത്രി ഒമ്പതിനാണ് പൂർത്തിയായത്. ഇടിഞ്ഞിറങ്ങിയ മുഴുവൻ കല്ലും മണ്ണും മരവും നീക്കി. ഗതാഗതം പൂർണമായും നിരോധിച്ചായിരുന്നു ദൗത്യം. ബുധൻ രാത്രി ഒമ്പതിന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിട്ടു. അടിവാരത്ത് കുടുങ്ങിക്കിടക്കുന്ന വയനാട്ടിലേക്കുള്ള വാഹനങ്ങൾക്കും പ്രവേശനം അനുവദിച്ചു.
വ്യാഴം പകൽ വിദഗ്‌ധ പരിശോധനയ്‌ക്ക് ശേഷം പൂർണമായി തുറക്കും. 80 അടി ഉയരത്തിൽനിന്ന് റോഡിലേക്ക് പതിച്ച കൂറ്റൻ കല്ലുകളും പാറക്കൂട്ടവും മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ്, സന്നദ്ധ പ്രവർത്തകർ മാറ്റി. ലോഡ് കണക്കിന് കല്ലും മണ്ണും മരത്തടികളും തകരപ്പാടിയിലേക്കും ലക്കിടിയിലെ ഒഴിഞ്ഞ ഭൂമിയിലേക്കും മാറ്റി.
ചൊവ്വ രാത്രി ചുരത്തിൽ കുടുങ്ങിയ ചെറിയ വാഹനങ്ങൾ കടന്നുപോകാൻ വഴിയൊരുക്കിയെങ്കിലും ഗതാഗതം നിരോധിച്ചിരുന്നു. ആംബുലൻസുകൾ മാത്രമാണ് കടത്തിവിട്ടത്. ദീർഘദൂര ബസുകൾ കുറ്റ്യാടി ചുരംവഴി സർവീസ് നടത്തി.
മണ്ണുമാറ്റുന്ന പ്രവൃത്തി ബുധൻ രാവിലെ ഏഴിന് പുനരാരംഭിച്ചു. പാറയും മണ്ണും മാറ്റുംതോറും വീണ്ടും മണ്ണിടിഞ്ഞിറങ്ങി. വലിയ മരങ്ങൾ മുറിച്ച് ഒഴിവാക്കി. ഉൗർന്നിറങ്ങാൻ സാധ്യതയുള്ള മണ്ണും കല്ലും ഫയർ എൻജിൻ ഉപയോഗിച്ച് ശക്തമായി വെള്ളം പമ്പുചെയ്‌ത് താഴേക്കെത്തിച്ചു.
ദേശീയപാത അധികൃതർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ഭൂഗർഭ ശാസ്ത്രജ്ഞർ, മണ്ണ് സംരക്ഷണ വിഭാഗം, ദുരന്തനിവാരണ അതോറിറ്റി, അപകട വിശകലന വിദഗ്‌ധർ എന്നിവർ ചേർന്ന് പ്രദേശത്തിന്റെ സ്ഥിരതയും സുരക്ഷിതത്വവും പരിശോധിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ തെർമൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി.









0 comments