താമരശേരി ചുരം വികസനം: കള്ളം പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും ‘സിദ്ദിഖ്‌ ഷോ’

thamarassery churam
avatar
സ്വന്തം ലേഖകൻ

Published on Aug 30, 2025, 10:03 AM | 2 min read

കൽപ്പറ്റ: താമരശേരി ചുരം വികസന പദ്ധതിയിൽ പ്രഥമിക ധാരണപോലുമില്ലാതെ, തെറ്റിദ്ധരിപ്പിച്ച്‌ ടി സിദ്ദിഖ്‌ എംഎൽഎ. വെള്ളിയാഴ്‌ച ലക്കിടിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ ചുരം വികസനവുമായി ബന്ധപ്പെട്ട്‌ തെറ്റായ വിവരങ്ങൾ എംഎൽഎ പറഞ്ഞത്‌. 6, 7, 8 മുടിപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിനുള്ള പദ്ധതി തടസ്സപ്പെട്ടുകിടക്കുകയാണെന്നായിരുന്നു പ്രധാനവാദം. റീ ടെൻഡർ വേണമെന്നും പ്രിയങ്ക ഗാന്ധി വിഷയത്തിൽ ഇടപെടുമെന്നും തട്ടിവിട്ടു. അടുത്ത മാസം പതിനഞ്ചിനകം പ്രവൃത്തി ആരംഭിക്കാൻ നിശ്ചയിച്ച പദ്ധതിയെ കുറിച്ചായിരുന്നു എംഎൽഎയുടെ അബദ്ധവാദങ്ങൾ.


ഉത്തരേന്ത്യൻ കമ്പനി കരാർ തുക കുറച്ച്‌ കരാർ എടുത്തതിനാൽ പ്രവൃത്തി നടത്താൻ കഴിയാത്ത സാഹചര്യമാണ്‌ അവർക്കുള്ളതെന്നും പറഞ്ഞു. 37 കോടി രൂപയുടെ പദ്ധതി ഡൽഹി ആസ്ഥാനമായുള്ള ചൗധരി കൺസ്‌ട്രക്ഷൻ കമ്പനിയാണ്‌ കരാർ എടുത്തത്‌. കരാറിനുശേഷം ദേശീയപാത അതോറിറ്റിയും കമ്പനിയും പ്രവൃത്തി എഗ്രിമെന്റ്‌വച്ചു. രണ്ടുതവണ കമ്പനി അധികൃതർ സ്ഥലപരിശോധന നടത്തി. പ്രവൃത്തി നടത്തേണ്ട പാതയും ഏറ്റെടുത്ത വനഭൂമിയും ഇവർക്ക്‌ കൈമാറി. മഴ ശക്തമായതിനാലാണ്‌ പ്രവൃത്തി തുടങ്ങാത്തത്‌. അടുത്തമാസം പതിനഞ്ചിനകം പ്രവൃത്തി ആരംഭിക്കുമെന്ന്‌ കമ്പനി ദേശീയപാത അധികൃതരെ അറിയിച്ചിട്ടുണ്ട്‌. ഇക്കാര്യങ്ങൾ മനസ്സിലാക്കാതെയോ മറച്ചുവച്ചോ ആയിരുന്നു രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള എംഎൽഎയുടെ ‘വൈകാരിക ഷോ’. ‘ദിശ’ മീറ്റിങ്ങിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ്‌ ചുരം വളവുകൾ വീതികൂട്ടുന്നതിനുള്ള പ്രൊപ്പോസൽ തയ്യാറാക്കി നൽകിയതെന്നുവരെയുള്ള കള്ളവും തട്ടിവിട്ടു. സംസ്ഥാന ദേശീയപാതാ വിഭാഗം സമർപ്പിച്ച പദ്ധതി അംഗീകരിച്ചാണ്‌ തുക അനുവദിച്ച്‌ പ്രവൃത്തി ടെൻഡർ ചെയ്‌തത്‌. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി പലതവണ നടത്തിയ ചർച്ചയിലൂടെയാണ്‌ തീരുമാനങ്ങളും നടപടികളുമുണ്ടായത്‌.


മൂന്ന്‌ പതിറ്റാണ്ടായി മുടങ്ങിക്കിടന്ന പടിഞ്ഞാറത്തറ–പൂഴിത്തോട്‌ ചുരമില്ലാ ബദൽ പാതയ്‌ക്ക്‌ രണ്ടാം പിണറായി സർക്കാർ ജീവൻ വയ്പിച്ചു. പാതയുടെ സാധ്യതപഠനം അന്തിമഘട്ടത്തിലാണ്‌. ജിപിഎസ്‌ സർവേ ഉൾപ്പെടെ നടത്തി പാതയുടെ അലൈൻമെന്റ്‌ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ഒന്നരക്കോടി രൂപയും അനുവദിച്ചു. തുരങ്കപാതയ്‌ക്കൊപ്പം പടിഞ്ഞാറത്തറ–പൂഴിത്തോട്‌ പാതയും യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളാണ്‌ സർക്കാരിന്റേത്‌. ഇതെല്ലാം മറച്ചുവച്ച്‌ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിലായിരുന്നു ടി സിദ്ദിഖ്‌ എംഎൽഎയുടെ വ്യഗ്രത. തുരങ്കപാത യാഥാർഥ്യമാക്കുന്നതിലൂടെ സർക്കാരിനും എൽഡിഎ-ഫിനും ലഭിക്കുന്ന അംഗീകാരത്തിൽ വിറളിപൂണ്ടായിരുന്ന പ്രകടനം. തുരങ്ക പാതയ്‌ക്ക്‌ തുരങ്കം വയ്‌ക്കുന്ന നിലപാടാണ്‌ നേരത്തെ പ്രതിപക്ഷനേതാവും കോൺഗ്രസും എടുത്തത്‌. ജനം എതിരാകുമെന്ന്‌ കണ്ടപ്പോഴാണ്‌ മ‍ൗനം പാലിച്ചത്‌. യുഡിഎഫ്‌ ആലോചനയിൽപ്പോലും ഇല്ലാതിരുന്ന പദ്ധതികളാണ്‌ എൽഡിഎഫ്‌ സർക്കാർ യാഥാർഥ്യമാക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Home