തളിപ്പറമ്പിൽ വൻ തീപിടിത്തം ; നഷ്ടം 10 കോടി , അൻപതിലേറെ കടകൾ നശിച്ചു

തളിപ്പറമ്പ്
തളിപ്പറമ്പ് നഗരത്തിലെ ഷോപ്പിങ് ക്ലോംപ്ലക്സിൽ വൻ തീപിടിത്തം. അമ്പതിലേറെ കടകൾ പൂർണമായി കത്തിനശിച്ചു. 10 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. വ്യാഴം വൈകിട്ട് 4.55ന് നഗരസഭാ ബസ് സ്‌റ്റാൻഡിനോടുചേർന്ന് ദേശീയപാതയോരത്തെ കെ വി ക്ലോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. ചെരിപ്പുകട ‘മെട്രോ’യ്‌ക്കാണ് ആദ്യം തീപിടിച്ചത്. തുടർന്ന്, ഷാലിമാർ സ്റ്റോറിലും കളിപ്പാട്ടക്കടയിലും മൊബൈൽഷോപ്പിലും തീപടർന്നു. പിന്നീട് മുഴുവൻ കടകളിലേക്കും വ്യാപിച്ചുന്നു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. രാത്രി എട്ടോടെ തീ നിയന്ത്രണവിധേയമാക്കി.
തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ, പെരിങ്ങോം യൂണിറ്റുകളിൽനിന്നുള്ള അഗ്നിരക്ഷാസേന തീയണയ്‌ക്കാൻ കഠിന പരിശ്രമം നടത്തി. സ്വകാര്യ കുടിവെള്ള ടാങ്കറുകളിൽ വെള്ളമെത്തിച്ച് പൊലീസും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും രാഷ്ട്രീയ സംഘടനാ പ്രവർത്തകരുമെല്ലാം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ക്ലോംപ്ലക്സിന്റെ ഇരുഭാഗത്തുമുള്ള ടെക്സ്റ്റൈൽ, ഹാർഡ്‌വെയർ, ഫുട്‌വെയർ, പാത്രം, പച്ചക്കറി കടകൾക്കും സൂപ്പർ മാർക്കറ്റിനുമെല്ലാം തീപിടിച്ചു. ഇവിടെയുള്ള എയർകണ്ടീഷണറുകളിലെ സിലിണ്ടറുകൾക്ക് തീപിടിച്ചത് സ്ഥിതി രൂക്ഷമാക്കി.
വൈകിട്ട് ആറോടെ നഗരസഭാ ബസ് സ്‌റ്റാൻഡ് പൂർണമായും പൊലീസ് ഒഴിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. പാതയോരത്ത് പാർക്കുചെയ്ത മുഴുവൻ വാഹനങ്ങളും മാറ്റി. സംഭവം അറിഞ്ഞയുടൻ എം വി ഗോവിന്ദൻ എംഎൽഎ, മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയോടും കലക്ടറോറും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.









0 comments